ഐപിഎലില്‍ കൊൽക്കത്തയെ 149 റൺസിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെങ്കിടേഷ് അയ്യര്‍ 57 റൺസ് നേടി പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് വേണ്ടി നാല് വിക്കറ്റ് നേടി ചഹാല്‍ കൊൽക്കത്തയെ വരിഞ്ഞുകെട്ടുകയായിരുന്നു.
ഓപ്പണര്‍മാരെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ 29/2 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പിന്നീട് വെങ്കിടേഷ് അയ്യര്‍ – നിതീഷ് റാണ കൂട്ടുകെട്ട് കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ പത്തോവറിൽ ടീം 76/2 എന്ന നിലയിലായിരുന്നു. പത്താം ഓവറിൽ അശ്വിനെ രണ്ട് സിക്സിന് വെങ്കിടേഷ് അയ്യര്‍ പറത്തിയപ്പോള്‍ നിതീഷ് റാണ ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസ് വന്നു.
എന്നാൽ തൊട്ടടുത്ത ഓവറിൽ ബൗളിംഗിനായി ആദ്യമായി എത്തിയ ചഹാൽ നിതീഷ് റാണയെ പുറത്താക്കുകയായിരുന്നു. 22 റൺസ് നേടിയ നിതീഷ് പുറത്തായപ്പോള്‍ 48 റൺസ് കൂട്ടുകെട്ടാണ് തകര്‍ന്നത്. 30 റൺസ് കൂട്ടുകെട്ട് നേടി വെങ്കിടേഷ് അയ്യര്‍ – ആന്‍ഡ്രേ റസ്സൽ കൂട്ടുകെട്ട് അപകടകാരിയായി മാറുമെന്ന് കരുതിയ നിമിഷത്തിലാണ് കെഎം ആസിഫ് 10 റൺസ് നേടിയ റസ്സിലിനെ പുറത്താക്കിയത്.
14 ഓവര്‍ പിന്നിടുമ്പോള്‍ കൊൽക്കത്ത 110/4 എന്ന നിലയിലായിരുന്നു. വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും ചഹാല്‍ താരത്തെ പുറത്താക്കി. 42 പന്തിൽ 57 റൺസായിരുന്നു വെങ്കിടേഷ് അയ്യര്‍ നേടിയത്. ശര്‍ദ്ധുൽ താക്കൂറിനെയും പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി.
പിന്നീട് തന്റെ അവസാന ഓവറിൽ റിങ്കു സിംഗിനെ പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. 149 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടി.