ഐപിഎല്‍ പ്ലേ ഓഫുകളിലേക്ക് കടക്കുമ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റ് നേടി കാഗിസോ റബാഡയാണ് പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്. റബാഡയുടെ ടീം പ്ലേ ഓഫിലേക്ക് കടന്നുവെങ്കിലും പുറം വേദന കാരണം താരത്തോട് ഐപിഎലില്‍ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെടുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റബാഡ കളിച്ചിരുന്നില്ല.
ഇതോടെ തൊട്ടു പിന്നിലുള്ള ഇമ്രാന്‍ താഹിര്‍ 14 മത്സരങ്ങളില്‍ 21 വിക്കറ്റുകളുമായി മത്സര രംഗത്ത് സജീവമായി തന്നെ നില്‍ക്കുന്നുണ്ട്. തന്റെ അവസാന ലീഗ് മത്സരത്തില്‍ എന്നാല്‍ താഹിറിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ചെന്നൈയിലാണ് ആദ്യ പ്ലേ ഓഫ് എന്നത് താഹിറിനു ഏറെ സാധ്യതകള്‍ നല്‍കുന്നുണ്ട്. ഐപിഎലില്‍ സ്പിന്നര്‍മാര്‍ക്ക് ഏറ്റവും അധികം പിന്തുണ ലഭിയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്.
ചെന്നൈയ്ക്ക് കുറഞ്ഞത് രണ്ട് മത്സരങ്ങളും കൂടി വന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്കുമാണ് ഇനി പ്ലേ ഓഫില്‍ കളിയ്ക്കാനാകാവുന്നത്. ഈ മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റ് നേടി കാഗിസോ റബാഡയെ ഇമ്രാന്‍ താഹിര്‍ മറികടക്കുമോ എന്നതാണ് ഏവരും കാത്തിരിയ്ക്കുന്നത്. 17 വിക്കറ്റുമായി ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും 16 വിക്കറ്റ് നേടിയ ദീപക് ചഹാര്‍ എന്നിവരാണ് പിന്നീട് മത്സര രംഗത്തുള്ള താരങ്ങള്‍. റഷീദ് ഖാന് 15 വിക്കറ്റാണ് നേടുവാനായത്.