തന്റെ ബൗളര്‍മാരുടെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ഇത്രയും കടുപ്പമേറിയ സാഹചര്യത്തില്‍ മത്സരം അവസാനം വരെ എത്തിച്ചത് തന്നെയാണ് ഈ തോല്‍വിയിലും ടീമിനു പ്രതീക്ഷയായി മാറിയതെന്ന് പറഞ്ഞ് സണ്‍റൈസേഴ്സ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍. ഇത്രയും മഞ്ഞുവീഴ്ചയ്യുള്ളതിനാല്‍ തന്നെ യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളും എറിയുക പ്രയാസമായിരുന്നു, എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തെ മറികടന്ന് ഞങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും താരം കൂട്ടിചേര്‍ത്തു.
ആദ്യ പകുതിയില്‍ ബാറ്റിംഗിനു ദുഷ്കരമായ പിച്ച് രണ്ടാം പകുതിയില്‍ അനായാസമായി മാറുകയും കിംഗ്സ് ഇലവന്‍ പഞ്ചാബ് 9 വിക്കറ്റ് ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് സന്ദീപ് ശര്‍മ്മയും സിദ്ധാര്‍ത്ഥ് കൗളും മികച്ച രീതിയില്‍ പന്തെറിഞ്ഞ് അവസാന മൂന്നോവറില്‍ 19 റണ്‍സെന്ന ലക്ഷ്യം അവസാന ഓവറില്‍ പതിനൊന്ന് എന്ന നിലയിലേക്ക് മാറ്റിയത്. എന്നാല്‍ കെഎല്‍ രാഹുല്‍ സമചിത്തതയോടെ കാര്യങ്ങളെ സമീപിച്ച് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.