ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍ച്ച. തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടും മധ്യ ഓവറുകളില്‍ ജസ്പ്രീത് ബുംറയുമാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും തന്റെ ആദ്യ രണ്ട് ഓവറുകളില്‍ തന്നെ ബോള്‍ട്ട് പുറത്താക്കുകയായിരുന്നു. 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഡല്‍ഹി നേടിയത്. 78/7 എന്ന നിലയില്‍ നിന്ന് വാലറ്റത്തിന്റെ പ്രകടനമാണ് ഡല്‍ഹിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.
15/2 എന്ന നിലയില്‍ നിന്ന് ഡല്‍ഹിയെ 35 റണ്‍സ് കൂട്ടുകെട്ടുമായി ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അയ്യരെ(25) പുറത്താക്കി രാഹുല്‍ ചഹാര്‍ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്ടമാകുന്നതാണ് കാണാനായത്.
50/2 എന്ന നിലയില്‍ നിന്ന് 78/7 എന്ന നിലയിലേക്ക് ഡല്‍ഹി തകര്‍ന്ന് വീണപ്പോള്‍ ജസ്പ്രീത് ബുംറ ഇതില്‍ മൂന്ന് വിക്കറ്റ് നേടി. എട്ടാം വിക്കറ്റില്‍ 18 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന്‍ – പ്രവീണ്‍ ഡുബേ കൂട്ടുകെട്ടാണ് ഡല്‍ഹിയെ നൂറിനടുത്തേക്ക് എത്തിച്ചത്.
തന്റെ അവസാന ഓവര്‍ എറിയുവാനെത്തിയ ബോള്‍ട്ട് അശ്വിനെ(12) പുറത്താക്കി കൂട്ടകെട്ട് തകര്‍ക്കുകയായിരുന്നു. അതെ ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഡല്‍ഹി നൂറ് കടക്കുകയായിരുന്നു. 7 പന്തില്‍ 12 റണ്‍സ് നേടിയ റബാഡയാണ് ഡല്‍ഹിയെ 110 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.
ബോള്‍ട്ട് തന്റെ നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബുംറ വെറും 17 റണ്‍സിനാണ് മൂന്ന് വിക്കറ്റ് നേടിയത്.