ബദോനി യൂ ബ്യൂട്ടി!!! ലക്നൗവിന്റെ രക്ഷകനായി ആയുഷ് ബദോനി

Sports Correspondent

നായകന്‍ കെഎൽ രാഹുലിന്റെ ചെറുത്ത്നില്പിന് ശേഷം തകര്‍ന്നടിഞ്ഞ  സൂപ്പര്‍ ജയന്റ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ച് ആയുഷ് ബദോനി. ഒരു ഘട്ടത്തിൽ 94/7 എന്ന നിലയിലേക്ക് വീണ ടീമിനെ ബദോനി അര്‍ഷദ് ഖാനെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ നേടിയ 42 പന്തിൽ നിന്നുള്ള 73 റൺസിന്റെ ബലത്തിൽ 167/7 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. ബദോനി 55 റൺസും അര്‍ഷദ് ഖാന്‍ 20 റൺസുമാണ് പുറത്താകാതെ ലക്നൗവിന് വേണ്ടി നേടിയത്.

ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും ക്വിന്റൺ ഡി കോക്ക് പുറത്തായതിന് പിന്നാലെ എൽഎസ്ജി ബാറ്റര്‍മാര്‍ തുടരെ വിക്കറ്റുകള്‍ വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.

Klrahul

ഡി കോക്ക് 13 പന്തിൽ 19 റൺസ് നേടി പുറത്തായപ്പോള്‍ ദേവ്ദത്ത് പടിക്കലിനെയും ഖലീൽ അഹമ്മദ് പുറത്താക്കി. ഒരു വശത്ത് കെഎൽ രാഹുല്‍ വേഗത്തിൽ സ്കോറിംഗ് നടത്തുമ്പോളും മറുവശത്ത് മാര്‍ക്കസ് സ്റ്റോയിനിസിനെയും നിക്കോളസ് പൂരനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി കുൽദീപ് യാദവ് ലക്നൗവിനെ 66/4 എന്ന നിലയിൽ പ്രതിരോധത്തിലാക്കി.

Kuldeepyadavprithvishaw

അധികം വൈകാതെ കെഎൽ രാഹുലും പുറത്തായതോടെ ലക്നൗവിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് രാഹുലിന്റെ ബാറ്റിംഗ് വേഗതയെയും ബാധിച്ചിരുന്നു. താരം 22 പന്തിൽ നിന്ന് 39 റൺസാണ് നേടിയത്. ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ ദീപക് ഹൂഡയും യാതൊരു വിധത്തിലുള്ള പ്രഭാവവും സൃഷ്ടിക്കാതെ മടങ്ങിയതോടെ ലക്നൗ 89/6 എന്ന നിലയിലായി.

അവിടെ നിന്ന് മത്സരത്തിലേക്ക് ലക്നൗ തിരികെ വരുന്നതാണ് ഏവരും കണ്ടത്. 42 പന്തിൽ നിന്ന് 73 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടി ആയുഷ് ബദോനി – അര്‍ഷദ് ഖാന്‍ കൂട്ടുകെട്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ടീമിനെ 167 റൺസിലേക്ക് എത്തിച്ചു. ബദോനി 35 പന്തിൽ നിന്ന് 55 റൺസാണ് നേടിയത്. അര്‍ഷദ് ഖാന്‍ 16 പന്തിൽ 20 റൺസ് നേടി.