ഐപിഎലില്‍ നടക്കുന്ന ഓരോ മത്സരങ്ങളും എവേ മത്സരങ്ങള്‍ക്ക് തുല്യമാണെന്നും വേദി യുഎഇ ആയതിനാല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരു ടീമുകള്‍ക്കും ഉണ്ടാകില്ലെന്നും ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി. ഈ സീസണ് എല്ലാ ടീമുകള്‍ക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും പിച്ച് മനസ്സിലാക്കി അതിന് അനുയോജ്യമായ ടീമിനെ കളിപ്പിക്കുക എന്നതാണ് ഈ സീസണില്‍ വിജയത്തിന്റെ മന്ത്രമെന്നും ഫ്ലെമിംഗ് പറഞ്ഞു.
ഒരു ടീമിനും ഹോം അഡ്വാന്റേജ് ഇല്ല, അതിനാല്‍ തന്നെ സാഹചര്യങ്ങളുമായി ആര് മികച്ച രീതിയില്‍ പൊരുത്തപ്പെടുന്നുവോ അവര്‍ക്ക് ആവും മുന്‍തൂക്കം എന്ന് ഫ്ലെമിംഗ് സൂചിപ്പിച്ചു. മൂന്ന് വ്യത്യസ്തമായ ഗ്രൗണ്ടുകളാണ് വേദികളായുള്ളത്. ഇവയെ വിലയിരുത്തുക എന്നതാണ് ടീമുകളുടെ ആദ്യത്തെ വെല്ലുവിളിയെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സ് അബുദാബിയിലാണ് താമസിക്കുന്നതെന്നതിനാല്‍ തന്നെ അവര്‍ക്ക് ഈ പിച്ച് കുറച്ച് കൂടി മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും ആ ആനുകൂല്യം ചെന്നൈയ്ക്ക് ആദ്യ മത്സരത്തില്‍ ലഭിയ്ക്കുന്നില്ലെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് സൂചിപ്പിച്ചു. ഏത് സാഹര്യത്തിനും അനുയോജ്യരായ താരങ്ങള്‍ ചെന്നൈ നിരയിലുണ്ടെന്നും അവരെ തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയാണ് ടീമിന് മുന്നിലുള്ളതെന്നും അത് വിജയകരമായി ടീമിന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.