കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നത് മികച്ച തീരുമാനമാവുമെന്ന് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കുമായുള്ള ഇൻസ്റ്റാഗ്രാം ചാറ്റിങ്ങിനിടെയാണ് ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതിനെ അനുകൂലിച്ച് പാണ്ഡ്യ രംഗത്തെത്തിയത്.
കാണികൾ ഇല്ലാതെ മത്സരം കളിക്കുന്നത് വ്യത്യസ്‍തമായിരിക്കുമെന്നും കാണികൾക്ക് മുൻപിൽ കളിച്ചാണ് പരിചയമെന്നും കാണികൾ ഉണ്ടാവുമ്പോൾ താരങ്ങൾക്ക് മത്സരത്തിന്റെ ആവേശം വരുമെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. താൻ രഞ്ജി ട്രോഫി കാണികൾ ഇല്ലാത്ത സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ടെന്നും അത് ഒരു വ്യതസ്ത അനുഭവമാണെന്നും പാണ്ഡ്യ പറഞ്ഞു.
എന്നാൽ ജനങ്ങളുടെ സുരക്ഷാ പരിഗണിച്ച് ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതാണ് നല്ലതെന്നും ആരാധകർക്ക് ടെലിവിഷനിൽ വീട്ടിലിരുന്ന് മത്സരങ്ങൾ ആസ്വദിക്കാമെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. കൊറോണാ വൈറസ് ബാധ ഇന്ത്യയിൽ പടർന്നതിനെ തുടർന്ന് ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു.