ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ താരങ്ങൾ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടുനിൽക്കുന്നതിൽ ആശങ്ക പെടേണ്ട ആവശ്യം ഇല്ലെന്നും ഗാവസ്‌കർ പറഞ്ഞു. വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് അറിയിച്ചിരുന്നു.
മുൻപത്തെ മത്സരങ്ങൾ നോക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യ കളിച്ച എല്ലാ മത്സരങ്ങളിലും ടീം ജയിച്ചിട്ടുണ്ടെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ധരംശാലയിലെ ടെസ്റ്റ്, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, 2018ലെ ഏഷ്യ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയെല്ലാം വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ഇന്ത്യ ജയിച്ചതെന്ന കാര്യം സുനിൽ ഗാവസ്‌കർ ഓർമിപ്പിച്ചു.
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്കെ രഹാനെയും ചേതേശ്വർ പൂജാരയും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്നും വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ആരാണ് ക്യാപ്റ്റൻ ആവേണ്ടതെന്ന കാര്യം സെലക്ഷൻ കമ്മിറ്റി നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും എന്നും ഗാവസ്‌കർ പറഞ്ഞു.