ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗിൽ കളിക്കാൻ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ഇന്ത്യൻ താരം സുരേഷ് റെയ്നയും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാനും. ഇൻസ്റ്റാഗ്രാമിൽ ഇരുവരും തമ്മിൽ നടത്തിയ ലൈവ് ചാറ്റിൽ ആണ് ബി.സി.സി.ഐയോട് താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.
നിലവിൽ ഇന്ത്യൻ താരങ്ങൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം മാത്രമേ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ അനുമതി നൽകാറുള്ളൂ. ഇത്തരത്തിൽ യുവരാജ് സിംഗ് ഗ്ലോബൽ കാനഡ ടി20യിൽ കളിച്ചിരുന്നു. എന്നാൽ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ട് വിദേശ ലീഗുകളിൽ എങ്കിലും താരങ്ങളെ കളിക്കാൻ അനുവദിക്കണമെന്ന് റെയ്ന പറഞ്ഞു. മിക്ക അന്താരാഷ്ട്ര താരങ്ങളും ഇത്തരത്തിലുള്ള ലീഗുകളിൽ മികച്ച പ്രകടനം പുറത്തെടുത്താൻ തിരിച്ചുവരവ് നടത്തിയിട്ടുള്ളതെന്നും റെയ്ന പറഞ്ഞു.
30 വയസ്സ് കഴിഞ്ഞ താരങ്ങൾ ഇന്ത്യൻ ടീമിൽ സജീവമല്ലെങ്കിൽ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ഇർഫാൻ പഠാനും പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുള്ള സുരേഷ് റെയ്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടി ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.