ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ നാണക്കേട്. ആദ്യ ഇന്നിംഗ്സ് വെറും 107 റണ്‍സിനു അവസാനിക്കുകയായിരുന്നു. 29 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ടീമിന്റെ ടോപ് സ്കോറര്‍. ജെയിംസ് ആന്ഡേഴ്സണ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ് മൂന്നും സ്റ്റുവര്‍ട് ബ്രോഡ്, സാം കറന് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ 20നു മേലുള്ള സ്കോര്‍ നേടിയത് 2 താരങ്ങള്‍ മാത്രമാണ്. അശ്വിനും വിരാട് കോഹ്ലിയും(23). അജിങ്ക്യ രഹാനെ 18 റണ്‍സ് നേടി പുറത്തായി.
മഴ മൂലം ആദ്യ ദിവസം പൂര്‍ണ്ണമായും നഷ്ടമായ ശേഷം രണ്ടാം ദിവസവും ഏറിയ പങ്കും മഴ മൂലം കളി നടക്കാതിരിക്കുകയായിരുന്നു. ആദ്യം മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ 15/3 എന്ന നിലയായിരുന്നു. വൈകുന്നേരത്തോടടുത്ത് വീണ്ടും മത്സരം പുനരാരംഭിച്ചപ്പോള്‍ വിരോട് കോഹ്ലിയും അജിങ്ക്യ രഹാനെയും ചേര്‍ത്ത് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
എന്നാല്‍ ക്രിസ് വോക്സ് പന്തെറിയാന്‍ എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷം കോഹ്ലിയെ(23) പുറത്താക്കിയ വോക്സ് ഹാര്‍ദ്ദിക് പാണ്ഡ്യയെയും(11) പുറത്താക്കി. ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് സാം കറന് സ്വന്തമാക്കി.
ഏഴാം വിക്കറ്റില്‍ രഹാനെയും അശ്വിനും ചേര്‍ന്ന് 22 റണ്‍സ് നേടിയെങ്കിലും രഹാനെയുടെ ചെറുത്ത് നില്പ് ആന്ഡേഴ്സണ് അവസാനിപ്പിച്ചു. കുല്‍ദീപ്(0) യാദവിനെ ആന്ഡേഴ്സണ് പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 96 റണ്‍സ്. അതേ സ്കോറില്‍ തൊട്ടടുത്ത ഓവറില്‍ അശ്വിനെ പുറത്താക്കി ബ്രോഡ് ഇന്ത്യയ്ക്ക് തിരിച്ചടി നല്കി.
ഒരു ഘട്ടത്തില്‍ നൂറ് റണ്‍സ് ഇന്ത്യ കടക്കില്ലെന്നാണ് കരുതിയതെങ്കിലും മുഹമ്മദ് ഷമി തുടരെ നേടിയ ബൗണ്ടറികളുടെ സഹായത്തോടെ ഇന്ത്യ നൂറ് കടന്നു. അടുത്ത ഓവറില്‍ ഇഷാന്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ആന്ഡേഴ്സണ് തന്റെ അഞ്ചാം വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമി 10 റണ്‍സുമായി പുറത്താകാതെ നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial