ഇന്ത്യയുടെ പേസ് ബൗളിംഗ് ബെഞ്ചിന്റെ ശക്തിയും മികച്ചത്

Sports Correspondent

ഇന്ത്യയുടെ മുന്‍ നിര പേസ് ബൗളിംഗ് ഇന്ന് ലോകത്തില്‍ മികച്ചതായി നില്‍ക്കുകയാണ്. വിദേശ പിച്ചുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുക സ്വപ്നം പോലും കാണാത്ത സ്ഥിതിയില്‍ നിന്ന് ഇന്ന് ഇന്ത്യ വിദേശത്ത് ടെസ്റ്റും പരമ്പരയുമെല്ലാം വിജയിക്കുമ്പോള്‍ അതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യയുടെ പേസ് ബൗളര്‍മാരാണ്. ഇഷാന്ത് ശര്‍മ്മ, ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവേശ്വര്‍ കുമാര്‍ എല്ലാം തന്നെ മികച്ച താരങ്ങളായി മാറിക്കഴിഞ്ഞു.

ഇത് കൂടാതെ ഇന്ത്യയുടെ പേസ് ബൗളിംഗ് രണ്ടാം നിരയും സുശക്തമാണെന്നാണ് ഇന്ത്യയുടെ എ ടീമിന്റെയും അണ്ടര്‍ 19 ടീം കോച്ച് പരസ് മാംബ്രേ പറയുന്നത്. ഇന്ത്യന്‍ എ ടീമില്‍ നിന്ന് ഒട്ടനവധി താരങ്ങള്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിച്ചവരാണ്. മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ഇവരില്‍ ചിലരാണെന്നും മാംബ്രേ പറഞ്ഞു.

ടെസ്റ്റ് താരങ്ങളെല്ലാം 140ന് മേല്‍ വേഗതയില്‍ പന്തെറിയുന്നത് പുതിയ തലമുറയിലെ ആളുകളെ വേഗത്തില്‍ പന്തെറിയുവാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും മാംബ്രേ പറഞ്ഞു. ഇപ്പോള്‍ ഫിസിയോയും ട്രെയിനര്‍മാരുമെല്ലാം സജീവമായതിനാല്‍ തന്നെ താരങ്ങളുടെ ഫിറ്റ്നെസ്സ് മെച്ചപ്പെട്ടുവെന്നും ശരിയായ ബയോമെക്കാനിക്സ് കൂടിയാകുമ്പോള്‍ ഇവരെല്ലാം മികച്ച വേഗത്തില്‍ പന്തെറിയുവാന്‍ സാധിക്കുന്നവരാകുന്നുവെന്നും മാംബ്രേ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ ഇവരെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിച്ച് പരിശീലനം നല്‍കിയാല്‍ അവരും മികച്ച വേഗത്തിലും കൃത്യതയോടെ പന്തെറിയുന്ന താരങ്ങളായി മാറുമെന്നും തന്റെ ടീമുകളില്‍ കളിക്കുന്ന താരങ്ങളെക്കുറിച്ച് മാംബ്രേ പറഞ്ഞു.