രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ ജയം, പരമ്പര സ്വന്തം

Photo:Twitter/@BCCI

വിന്‍ഡീസിനെതിരായ രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യൻ വിൻഡീസിനെ തോൽപ്പിച്ചത്. നേരത്തെ നടന്ന ഒന്നാം ടെസ്റ്റിലും ഇന്ത്യ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. ഒരു ഇന്നിങ്സിനും 272 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിങ്സിൽ 72 റൺസ് എന്ന ലക്‌ഷ്യം വെച്ചിറങ്ങിയ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 367 റൺസിൽ ഒതുക്കിയ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ തകർന്നൊടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ വെറും 127 റൺസിനാണ് വിൻഡീസ് ഓൾ ഔട്ട് ആയത്. 4 വിക്കറ്റ് എടുത്ത ഉമേഷ് യാദവും 3 വിക്കറ്റ് എടുത്ത ജഡേജയുമാണ് വിൻഡീസിനെ 127 റൺസിൽ ഒതുക്കിയത്.  വിൻഡീസ് നിരയിൽ അംബ്രിസ് 38 റൺസും ഹോപ്പ് 28 റൺസ് എടുത്തും പുറത്തായി. ഇന്ത്യൻ നിരയിൽ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ടെസ്റ്റിൽ 10 വിക്കറ്റ് എന്ന നേട്ടവും കൈവരിച്ചു. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്.

തുടർന്ന് ജയിക്കാൻ ആവശ്യമായ 72 റൺസ് ഇന്ത്യ വിക്കറ്റൊന്നും കളയാതെ നേടുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ കെ.എൽ രാഹുൽ 33 റൺസും പൃഥിവി ഷാ 33 റൺസും എടുത്ത് പുറത്താവാതെ നിന്നു.