ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാലു റൺസിന്റെ വിജയം സ്വന്തമാക്കി. ആവേശകരമായ മത്സരം ഒരു ത്രില്ലർ ആയാണ് അവസാനിച്ചത്. അവസാന 4 പന്തിൽ 6 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പൂജയുടെ മികച്ച ബൗളിംഗ് ആണ് ഇന്ത്യക്ക് ജയം ഉറപ്പിച്ചു നൽകിയത്.
ഇന്ത്യ ഉയർത്തിയ 326 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മികച്ച രീതിയിൽ ആണ് ചെയ്സ് നടത്തിയത്. ഓപ്പണർ വോൾവാർഡ്റ്റും മരിസനെ കാപ്പും ദക്ഷിണാഫ്രിക്കക്ക് ആയി സെഞ്ച്വറികൾ നേടി. കാപ്പ് 94 പന്തിൽ നിന്ന് 114 റൺസ് എടുത്തു. വോൾവാർഡ്റ്റ് 135 റൺസ് എടുത്ത് പുറത്താകാതെ നിന്നു എങ്കിലും വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിക്കാൻ അവർക്ക് ആയില്ല.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻ പ്രീത് കോറിന്റെയും മികവിൽ ഇന്ത്യ 50 ഓവറിൽ 325 റൺസ് ഇന്ന് എടുത്തു. സ്മൃതി മന്ദാന തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഹർമൻ പ്രീത് കോറും ഇന്ന് സെഞ്ച്വറി നേടി. അവസാന അഞ്ച് ഇന്നിംഗ്സിൽ ആയി ഹോം കണ്ടെത്താനാവാതിരുന്ന ഹർമൻ പ്രീതിന് വലിയ ആശ്വാസമാകും ഈ ഇന്നിംഗ്സ്.
സ്മൃതി മന്ദാന 120 പന്തിൽ നിന്ന് 136 റൺസാണ് ഇന്ന് എടുത്തത്. രണ്ട് സിക്സും എട്ട് ഫോറും സ്മൃതിയുടെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഹർമൻ പ്രീത് കോർ 88 പന്തിൽ 103 റൺസ് അടിച്ചു പുറത്താകാതെ നിന്നു. മൂന്ന് സിക്സും എട്ട് ഫോറും ഹർമൻ പ്രീതിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ സ്മൃതിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ വലിയ വിജയം നേടിയിരുന്നു.