ഏഷ്യാ കപ്പ് 2025-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിന് ഈ മത്സരം എളുപ്പമുള്ളതാണെന്ന് തോന്നാമെങ്കിലും, ഈ ആഴ്ച അവസാനം പാകിസ്താനുമായി നടക്കുന്ന മത്സരത്തിന് മുമ്പ് ടീമിൻ്റെ സന്തുലിതാവസ്ഥയും കോമ്പിനേഷനുകളും പരീക്ഷിക്കാൻ ഈ മത്സരം നിർണായകമാണ്.

ഇന്ത്യക്ക് ആയി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു-അഭിഷേക് ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റുമോ എന്നതാണ് മത്സരത്തിന് മുന്നേയുള്ള പ്രധാന ചർച്ച. ഗില്ലിനെ ഓപ്പണിംഗിൽ എത്തിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സഞ്ജുവിന് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായേക്കും.
ലോവർ ഓർഡറിൽ കളിക്കാൻ കഴിവുള്ള ജിതേഷ് കീപ്പറായി ടീമിലെത്തും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാത്രി 8 മണിക്ക് നടക്കുന്ന മത്സരം സോണി ലൈവിൽ തത്സമയം കാണാം.