തിങ്കളാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് 2024 ലെ ഗ്രൂപ്പ് എ മത്സരത്തിൽ ജപ്പാനെതിരെ 211 റൺസിൻ്റെ വിജയത്തോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. പാക്കിസ്ഥാനെതിരായ ഓപ്പണിംഗ് തോൽവിയോടെ ആയിരുന്നു ഇന്ത്യ ടൂർണമെന്റ് തുടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 339/6 എന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. 118 പന്തിൽ ഏഴു ബൗണ്ടറികളോടെ പുറത്താകാതെ 122 റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് അമൻ മുന്നിൽ നിന്നു നയിച്ചു. 29 പന്തിൽ 54 റൺസ് നേടിയ ആയുഷ് മാത്രെയും, 57 റൺസ് സംഭാവന ചെയ്ത കെപി കാർത്തികേയയും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. വെറും 12 പന്തിൽ 25 റൺസുമായി ഹാർദിക് രാജ് അവസാനം ആളിക്കത്തി .
മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് 38.4 ഓവറിൽ 128 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 111 പന്തിൽ 50 റൺസെടുത്ത ഹ്യൂഗോ കെല്ലിയാണ് ജപ്പാൻ നിരയിൽ ആകെ തിളങ്ങിയത്. യുധാജിത് ഗുഹ ഏഴ് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ചേതൻ ശർമ്മ, ഹാർദിക് രാജ്, കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി സമഗ്രമായ വിജയം ഉറപ്പിച്ചു.
രണ്ട് പോയിൻ്റും +1.680 എന്ന ആരോഗ്യകരമായ നെറ്റ് റൺ റേറ്റുമായി ഗ്രൂപ്പ് എയിൽ ഇന്ത്യ ഇപ്പോൾ മൂന്നാമതാണ്. പാക്കിസ്ഥാനും യുഎഇയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു.