ഋഷഭ് പന്ത് – ചേതേശ്വര്‍ പുജാര കൂട്ടുകെട്ടിന്റെ മികവില്‍ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും പുജാരയെയും പന്തിനെയും പുറത്താക്കി ഡൊമിനിക് ബെസ്സ് മത്സരത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നേടിക്കൊടുത്തു. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 257/6 എന്ന നിലയിലാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ 33 റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ എട്ട് റണ്‍സും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
119 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ബെസ്സ് പുജാരയെ പുറത്താക്കി തകര്‍ത്തത്. 73 റണ്‍സാണ് പുജാര നേടിയത്. പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം പന്ത് 33 റണ്‍സ് കൂടി ആറാം വിക്കറ്റില്‍ നേടിയെങ്കിലും 90കളില്‍ പന്ത് വീണ്ടും പുറത്താകുന്ന കാഴ്ചയാണ് ചെന്നൈയില്‍ കണ്ടത്. 91 റണ്‍സ് നേടിയ പന്ത് 9 ഫോറും അഞ്ച് സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.
രവിചന്ദ്രന്‍ അശ്വിനെ കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴാം വിക്കറ്റില്‍ 32 റണ്‍സാണ് ഇതുവരെ നേടിയത്. ഡൊമിനിക് ബെസ്സ് ഇന്നിംഗ്സില്‍ നാല് വിക്കറ്റാണ് നേടിയത്. പുജാരയ്ക്കും പന്തിനും പുറമെ വിരാട് കോഹ്‍ലിയെയും അജിങ്ക്യ രഹാനെയെയും പുറത്താക്കിയത് ബെസ്സ് ആയിരുന്നു.