ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമോ? അവശേഷിക്കുന്നത് നാല് വിക്കറ്റ്

Sports Correspondent

ഇംഗ്ലണ്ടില്‍ ഒരു വട്ടം കൂടി ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പരാജയം. വിരാട് കോഹ്‍ലി 49 റണ്‍സ് നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 332 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 174/6 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോറിനു 158 റണ്‍സ് പിന്നിലായാണ് ഇന്ത്യ നില്‍ക്കുന്നത്. വിരാട് കോഹ്‍ലിയ്ക്ക് പുറമേ 37 റണ്‍സ് വീതം നേടി ചേതേശ്വര്‍ പുജാരയും കെഎല്‍ രാഹുലുമാണ് ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്തിയത്.

ശിഖര്‍ ധവാനെ ആദ്യമേ നഷ്ടമായ ശേഷം ഇന്ത്യയെ രാഹുലും പുജാരയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ 64 റണ്‍സ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ സാം കറന്‍ തകര്‍ക്കുകയായിരുന്നു. രാഹുലിനെ പുറത്താക്കിയ ശേഷം പുജാരയെയും രഹാനയെയും പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യയെ കൂടുല്‍ പ്രതിരോധത്തിലാക്കി.

101/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ പൊടുന്നനെ 103/4 എന്ന സ്ഥിതിയിലേക്ക് വീണു. ഹനുമ വിഹാരിയുമായി ചേര്‍ന്ന് വിരാട് കോഹ്‍ലി ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും അര്‍ദ്ധ ശതകത്തിനു ഒരു റണ്‍സ് അകലെ വെച്ച് സ്റ്റോക്സ് വിരാടിനെ മടക്കിയയ്ച്ചു. തന്റെ അടുത്ത ഓവറില്‍ ഋഷഭ് പന്തിനെയും സ്റ്റോക്സ് തന്നെ വീഴ്ത്തി.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അരങ്ങേറ്റക്കാരന്‍ ഹനുമ വിഹാരിയ്ക്കൊപ്പം(25*) പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിയ്ക്കുന്ന രവീന്ദ്ര ജഡേജയാണ്(8*) ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറനും സ്റ്റുവര്‍ട് ബ്രോഡും ഓരോ വിക്കറ്റ് നേടി.