ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയെന്ന് രവി ശാസ്ത്രി

- Advertisement -

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന പരമ്പര ഏകപക്ഷീയമായി തോറ്റത് കാര്യമാക്കുന്നില്ലെന്നും ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ ടെസ്റ്റ് പരമ്പരയിലാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ലോർഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താൻ ഇന്ത്യക്ക് 100 പോയിന്റ് കൂടി വേണമെന്നും വിദേശത്ത് ഈ വർഷം കളിക്കുന്ന 6 ടെസ്റ്റുകളിൽ രണ്ടെണ്ണം ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താൻ മികച്ച സാധ്യതയുണ്ടാവുമെന്നും രവി ശാസ്ത്രി പറഞ്ഞു. അത് കൊണ്ട് തന്നെ ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യമെന്നും രവി ശാസ്ത്രി പറഞ്ഞു.

നിലവിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ യുവ താരങ്ങളായ പ്രിത്വി ഷായെയും ശുഭ്മൻ ഗില്ലിനെയും രവി ശാസ്ത്രി പ്രകീർത്തിച്ചു. വെല്ലിങ്ടൺ ടെസ്റ്റിൽ ഇരു താരങ്ങൾക്കും അവസരം ലഭിച്ചാലും ഇല്ലെങ്കിലും അവർ ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നും അവർക്ക് ഇന്ത്യൻ ടീമിൽ ഭാവിയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ഈ വർഷം ഇന്ത്യ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമാണ് ടെസ്റ്റ് പരമ്പര കളിക്കുന്നത്. ന്യൂസിലാൻഡിനെതിരെ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക.

Advertisement