ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന പരമ്പര നിശ്ചിത ഓവർ മത്സരങ്ങളോടെ ആരംഭിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും. എന്നാൽ ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഇരു രാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾ എടുത്തിട്ടില്ല. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് വെട്ടിച്ചുരുക്കിയ പരമ്പര ടെസ്റ്റ് മത്സരങ്ങളോടെ തുടങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നു. ഡിസംബർ 3 മുതൽ ടെസ്റ്റ് പരമ്പര തുടങ്ങുമെന്നാണ് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ ചർച്ചകൾ പ്രകാരം ആദ്യ ഘട്ടത്തിൽ തീരുമാനിച്ചതുപോലെ ടി20 മത്സരവും ഏകദിന മത്സരങ്ങളും ആദ്യം നടത്തിയതിന് ശേഷമാവും ടെസ്റ്റ് പരമ്പരകൾ നടക്കുക.
ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ബി.സി.സി.ഐ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ തീരുമാനിച്ചതോടെ ഓസ്ട്രേലിയൻ പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കാനുള്ള സാധ്യത കുറവാണ്. നവംബർ 10ന് ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയാൽ 14 ദിവസം ക്വറന്റൈനിൽ നിന്നതിന് ശേഷം മാത്രമേ താരങ്ങൾക്ക് പരിശീലനം തുടങ്ങാൻ സാധിക്കു. ഓസ്ട്രേലിയയിൽ സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് ഹോട്ടലുകൾ കുറവായതും ക്വറന്റൈൻ കാലയളവിൽ താരങ്ങൾക്ക് പരിശീലനം നടത്തുന്നതിന് തിരിച്ചടിയാവും.