ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരങ്ങള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യ

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരങ്ങള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി കുറ‍ഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് വാം അപ്പ് മത്സരമെങ്കിലും വേണമെന്നാണ് ആവശ്യം.

ബിസിസിഐ ഇംഗ്ലണ്ട് ബോര്‍ഡിനോട് ഇത് സംബന്ധിച്ച് ഔദ്യോഗിക ആവശ്യം മുന്നോട്ട് വയ്ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യ എ യമായി ആദ്യം സന്നാഹ മത്സരം ഇന്ത്യ കളിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര സാധിക്കാത്തതിനാൽ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

സന്നാഹ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാത്തത് ടീമിന്റെ അധികാരത്തിലുള്ള കാര്യമല്ലെന്നും ടീം നേരത്തെ തന്നെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത്.