സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

Photo: Twitter/@BCCI
- Advertisement -

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തന്റെ കന്നി സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും അർദ്ധ സെഞ്ചുറികളുമായി കെ.എൽ രാഹുലിന്റെയും വിരാട് കോഹ്‌ലിയുടെയും പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ  347 റൺസ് നേടുകയായിരുന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കെ.എൽ രാഹുലും കേദാർ ജാദവുമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ പ്രിത്വി ഷായും മായങ്ക് അഗർവാളുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. പ്രിത്വി ഷാ 20 റൺസ് എടുത്തും മായങ്ക് അഗർവാൾ 32 റൺസുമെടുത്തും പുറത്തായി. തുടർന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ സ്കോർ സാവധാനം ഉയർത്തുകയായിരുന്നു.

തുടർന്ന് വിരാട് കോഹ്‌ലിയെ ഇഷ് സോധി മനോഹരമായ ഒരു പന്തിലൂടെ പുറത്താക്കിയെങ്കിലും ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. വിരാട് കോഹ്ലി 51 റൺസ് എടുത്താണ് പുറത്തായത്. 103 റൺസ് എടുത്ത ശ്രേയസ് അയ്യർ സെഞ്ചുറിക്ക് ശേഷം പുറത്തായെങ്കിലും തുടർന്ന് വന്ന കേദാർ ജാദവുമൊത്ത് കെ.എൽ രാഹുൽ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. കെ.എൽ രാഹുൽ 64 പന്തിൽ 88 റൺസും കേദാർ ജാദവ് 15  പന്തിൽ 26റൺസുമെടുത്ത് പുറത്താവാതെ നിന്നു.

Advertisement