തോറ്റുവെങ്കിലും ഇന്ത്യ കളിച്ചത് ഒന്നാം നമ്പര്‍ ടീമിനെ പോലെ: രവി ശാസ്ത്രി

Sports Correspondent

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര പരാജയപ്പെട്ടുവെങ്കിലും കോഹ്‍ലിയുടെയും സംഘത്തിന്റെയും രക്ഷയ്ക്കെത്തി കോച്ച് രവി ശാസ്ത്രി. രണ്ട് ടെസ്റ്റുകളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇന്ത്യയ്ക്ക് ഇരു മത്സരങ്ങളിലും ജയ സാധ്യത സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഇതിനു സാധിച്ചത് ടീം ചില സെഷനുകളിലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് രാജ്യത്തിന്റെ മികവ് പുറത്തെടുത്തത് കൊണ്ടാണ്. ദക്ഷിണാഫ്രിക്കയില്‍ വൈകി എത്തിയതും സന്നാഹ മത്സരങ്ങളില്ലാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

രണ്ട് മത്സരങ്ങളിലും 20 വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബൗളര്‍മാര്‍ക്കായി. അത് ടീമിന്റെ നല്ല വശമായി കണക്കാക്കണമെന്ന് പറഞ്ഞ രവി ശാസ്ത്രി അടുത്ത തവണ ഇത്തരം ടൂറുകളില്‍ പത്ത് ദിവസം മുമ്പെങ്കിലും ടീം ടൂര്‍ ചെയ്യുന്ന രാജ്യത്തെത്തി സാഹചര്യങ്ങളുമായി ഒത്തിണങ്ങണമെന്ന് പറയുകയുണ്ടായി. ജൊഹാന്നസ്ബര്‍ഗില്‍ ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളില്‍ ഒന്നില്‍ ജയിക്കാന്‍ ആയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ ആവുകയായിരുന്നു. വൈറ്റ് വാഷ് ഒഴിവാക്കുവാനായി ടീം സര്‍വ്വ സന്നാഹത്തോടെയാവും ബുധനാഴ്ച ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial