അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യ ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത ലോകകപ്പിന് മുൻപ് വലിയ മത്സരങ്ങൾ ജയിച്ച് ഇന്ത്യ റാങ്കിങ് ഉയർത്തിയില്ലെങ്കിൽ ഇന്ത്യക്ക് കിരീടം നേടാനാവില്ലെന്ന് ഗാവസ്കർ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 7 വിക്കറ്റിന് തോറ്റിരുന്നു. തുടർന്നാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം. ഐ.സി.സി ടി20 റാങ്കിങ്ങിൽ ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്ത് ആണെന്നും രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തണമെങ്കിൽ ഇന്ത്യ വലിയ മത്സരങ്ങൾ ജയിക്കണമെന്നും ഗാവസ്കർ പറഞ്ഞു. അല്ലാത്ത പക്ഷം അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.
ബംഗ്ളദേശിനോടേറ്റ പരാജയത്തിൽ നിന്ന് ഇന്ത്യൻ പാഠം ഉൾക്കൊള്ളണമെന്നും ഇന്ത്യയുടെ ഇന്നിങ്സിൽ 55 ഡോട്ട് ബോളുകൾ ഉള്ളത് നല്ലതല്ലെന്നും ഗാവസ്കർ പറഞ്ഞു. അടുത്ത 1-2മത്സരങ്ങളിൽ ശിഖർ ധവാൻ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ താരത്തിനെതിരെ ചോദ്യങ്ങൾ ഉയരുമെന്നും ഗാവസ്കർ പറഞ്ഞു.