ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ഇന്ത്യൻ ടീമിന്റെ ജംബോ സ്‌ക്വാഡിനെ അയക്കാനൊരുങ്ങി ബി.സി.സി.ഐ. കോവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ 32 അംഗ ടീമിനെ അയക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗിന് താരങ്ങളുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിന് അനുവാദം നൽകിയ ബി.സി.സി.ഐ ഓസ്‌ട്രേലിയൻ പര്യടനത്തിന് കുടുംബത്തെ കൊണ്ടുവരുന്നതിന് അനുവാദം നൽകില്ല എന്നാണ് റിപ്പോർട്ടുകൾ. ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം ഏകദേശം 50 അംഗങ്ങൾ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
വൈറ്റ് ബോൾ പരമ്പരക്ക് മാത്രമായി തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ ഏകദിന-ടി20 പരമ്പരകൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിക്കും. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാത്ത താരങ്ങളായ ചേതേശ്വർ പൂജാര, ഹനുമ വിഹാരി എന്നിവർക്കായി യു.എ.ഇയിൽ വെച്ച് പരിശീലന മത്സരങ്ങൾ ഒരുക്കണം ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.