ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ വലിയ സ്കോറിലേക്ക്.രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 473-8 എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് 255 റൺസ് ആയി ഉയർന്നു. ഒമ്പതാം വിക്കറ്റിലെ കുൽദീപിന്റെയും ബുമ്രയുടെയും കൂട്ടുകെട്ട് തകർക്കാൻ ആകാതെ കഷ്ടപ്പെടുകയാണ് ഇംഗ്ലണ്ട് ഇപ്പോൾ.
ഇന്ന് രാവിലത്തെ സെഷനിൽ ആക്രമിച്ചു കളിച്ച് സെഞ്ച്വറി നേടിയ രോഹിത് ശർമ്മയെയും ഗില്ലിനെയും ലഞ്ചിനു ശേഷം ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത് ശർമ ഇപ്പോൾ 162 പന്തിൽ 103 റൺസുമായി പുറത്തായി. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശർമയുടെ ഇന്നിംഗ്സ്. 150 പന്തിൽ 110 റൺസ് എടുത്താണ് ഗിൽ ഔട്ടായത്. ഗിൽ 5 സിക്സും 12 ഫോറും അടിച്ചു.
ഇതിനു ശേഷം ക്രീസിൽ എത്തിയ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും മികച്ച രീതിയിൽ ബാറ്റു ചെയ്തു. സർഫറാസ് ഖാൻ 60 പന്തിൽ നിന്ന് 56 റൺസ് എടുത്തു പുറത്തായി. 1 സിക്സും 8 ഫോറും സർഫറാസ് അടിച്ചു. പടിക്കൽ 103 പന്തിൽ നിന്ന് 65 റൺസ് എടുത്ത് ആണ് പുറത്തായത്. 10 ഫോറും 1 സിക്സും പടിക്കൽ അടിച്ചു.
അതിനു ശേഷം വന്ന ജഡേജ (15), ജുറെൽ (15), അശ്വിൻ (0) എന്നിവർ നിരാശപ്പെടുത്തി. പക്ഷെ അതിനു ശേഷം കുൽദീപും ബുമ്രയും ചേർന്ന് ഇംഗ്ലീഷ് ബൗളിംഗിനെ ശക്തമായി നേരിട്ടു. ബുമ്ര 55 പന്തിൽ 19 റൺസുമായും കുൽദീപ് 55 പന്തിൽ 27 റൺസുമായി ക്രീസിൽ നിൽക്കുന്നു. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസിന്റെ കൂട്ടുകെട്ട് ചേർത്തു.
ഇംഗ്ലണ്ടിനായി ഷൊഹഒബ് ബഷീർ 4 വിക്കറ്റും ഹാർട്ലി 2 വിക്കറ്റും സ്റ്റോക്സ്, ആൻഡേഴ്സൺ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്നലെ ആദ്യദിവസം ഇന്ത്യയ്ക്ക് അർദ്ധസഞ്ചറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് 218 റൺസിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സിൽ ഓളൗട്ട് ആയത്.