ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 192 എന്ന വിജയ ലക്ഷ്യം നാലാം ദിനം രണ്ടാം സെഷനിൽ ഇന്ത്യ മറികടന്നു. ജുറെലും ഗില്ലും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയം നൽകിയത്. ഈ വിജയത്തോടെ 3-1ന് മുന്നിൽ എത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഇന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 84 റൺസ് ആണ് കൂട്ടിച്ചേർത്തത്. യശസ്വി ജയ്സ്വാൾ 44 പന്തിൽ നിന്ന് 37 റൺസ് എടുത്ത് പുറത്തായി. ജോ റൂട്ട് ആണ് ജയ്സ്വാളിനെ പുറത്താക്കിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ അർധ സെഞ്ച്വറിയുമായി പുറത്തായി. രോഹിത് 81 പന്തിൽ നിന്ന് 55 റൺസ് എടുത്തു. 5 ഫോറും ഒരു സിക്സും രോഹിത് അടിച്ചു. ഹാർട്ലിയുടെ പന്തിലാണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെ റൺ ഒന്നും എടുക്കാത്ത പടിദാറിനെ ബഷീറും പുറത്താക്കി.
ലഞ്ചിനു പിന്നാലെ തുടരെ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. 4 റൺസ് എടുത്ത ജഡേജയും റൺ ഒന്നും എടുക്കാതെ സർഫറാസും തുടരെ തുടരെയുള്ള പന്തുകളിൽ പുറത്തായി. രണ്ട് വിക്കറ്റുകളും ബഷീർ ആണ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ 125-5 എന്നായി.
അവിടെ നിന്ന് ഗില്ലും ജുറെലും ക്ഷമയോടെ കൂട്ടുകെട്ട് പടുത്തു. ഇരുവരും ഒരുമിക്കുമ്പോൾ 67 റൺസോളം വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. സിംഗിൾസും ഡബിളും എടുത്ത് ബുദ്ധിപരമായി ഇരുവരും കളിച്ച് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. ഗിൽ 124 പന്തിൽ നിന്ന് 52 റൺസ് എടുത്തും ജുറൽ 77 പന്തിൽ നിന്ന് 39 റൺസ് എടുത്തും പുറത്താകാതെ നിന്നു.
ഇന്നലെ ഇംഗ്ലണ്ടിനെ 145ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് വിജയിക്കാൻ 192 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 353 റൺസും ഇന്ത്യ 307 റൺസുമായിരുന്നു എടുത്തത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷം തിരികെവന്നാണ് ഇന്ത്യ മത്സരം ജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 90 റൺസും രണ്ടാം ഇന്നിംഗ്സിൽ ** റൺസും എടുത്ത ദ്രുവ് ജുറൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചു
Match Summary:
England: 353 & 145
India: 307 & 192-5