ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ടിനെ 195 റണ്ണിനാണ് ഇന്ത്യ ഓളൗട്ട് ആക്കിയത്. ഇതോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി. ഇന്ത്യയുടെ ബൗളിംഗിന് മുന്നിൽ ധരംശാലയിൽ പിടിച്ചു നിൽക്കാൻ ഇംഗ്ലണ്ടിനായില്ല. അശ്വിന്റെ ബൗളീംഗ് ആണ് ഇന്ത്യക്ക് കരുത്തായത്. വീണ 10 വിക്കറ്റിൽ അഞ്ചും അശ്വിൻ ആണ് വീഴ്ത്തിയത്.
റൺ ഒന്നും എടുക്കാത്ത സാക് ക്രോലി, 2 റൺ എടുത്ത ഡക്കറ്റ്, 19 റൺസ് എടുത്ത ഒലി പോപ്, 2 റൺ എടുത്ത സ്റ്റോക്സ്, 8 റൺസ് എടുത്ത ഫോക്സ് എന്നിവരെ അശ്വിൻ പുറത്താക്കി. 39 റൺ എടുത്ത ബെയർസ്റ്റോയെ കുൽദീപും പുറത്താക്കി. പിന്നീട് വുഡിനെയും ഹാർട്ലിയെയും ബുമ്ര പുറത്താക്കി. അവസാനം ബഷീറിനെ ജഡേജയും റൂട്ടിനെ കുൽദീപും പുറത്താക്കിയതോടെ വിജയം പൂർത്തിയായി.
84 റൺസുമായി റൂട്ട് പൊരുതു നോക്കി എങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ഇന്ന് രാവിലെ 477ന് അവസാനിച്ചിരുന്നു. 473-8 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച ഇന്ത്യ നാല് റൺസ് കൂടെ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി. ഇന്ത്യയുടെ ലീഡ് 259 റൺസ് ആണ്. ഒമ്പതാം വിക്കറ്റിലെ കുൽദീപിന്റെയും ബുമ്രയുടെയും കൂട്ടുകെട്ട് ഇന്ന് പെട്ടെന്ന് തകർക്കാൻ ഇംഗ്ലണ്ടിനായി.
ബുമ്ര 64 പന്തിൽ 20 റൺസുമായും കുൽദീപ് 69 പന്തിൽ 20 റൺസുമായും പുറത്തായി. സിറാജ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ 5 വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 218ന് ഓളൗട്ടാക്കാനും ഇന്ത്യക്ക് ആയിരുന്നു.