ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 216-7 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങാതിരിക്കാൻ ഇന്ത്യ പൊരുതുകയാണ്. ഇന്ത്യ ഇപ്പോഴും 134 റൺസ് പിറകിലാണ്. ഇന്ത്യക്ക് ആയി ഇപ്പോൾ ദ്രുവ് ജുറലും കുൽദീപ് യാദവും ആണ് ക്രീസിൽ ഉള്ളത്. ജുറൽ 58 പന്തിൽ 30 റൺസ് എടുത്തും കുൽദീപ് 72 പന്തിൽ 17 റൺസും എടുത്ത് നിൽക്കുന്നു.
ഷൊഹൈബ് ബഷീറിന്റെ സ്പിന്നിന് മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ പതറുന്നത് ആണ് ഇന്ന് കാണാൻ ആയത്. ആൻഡേഴ്സണു മുന്നിൽ 1 റൺ എടുത്ത രോഹിത് ശർമ്മ വീണിരുന്നു. അതിനു ശേഷം എല്ലാ വിക്കറ്റും സ്പിന്നാണ് വീഴ്ത്തിയത്. 38 റൺസ് എടുത്ത ഗിൽ, 17 റൺസ് എടുത്ത രജത് പടിദാർ, 12 റൺസ് എടുത്ത ജഡേജ എന്നിവരെ ഷൊഹൈബ് ബഷീർ പുറത്താക്കി.
ജയ്സ്വാൾ ആണ് ഇന്നും ഇന്ത്യക്ക് ആയി മികച്ചു നിന്നത്. 73 റൺസ് എടുത്ത ജയ്സ്വാളിനെയും ബഷീർ ആണ് പുറത്താക്കിയത്. പിന്നാലെ 14 റൺസ് എടുത്ത സർഫറാസ് ഖാനെയും 1 റൺ എടുത്ത അശ്വിനെയും ഹാർട്ലി പുറത്താക്കി.
ഇന്ത്യ ഈ സമയത്ത് 177-7 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് 42 റൺസ് കൂട്ടിച്ചേർക്കാൻ കുൽദീപ് – ജൂറൽ സഖ്യത്തിനായി.