ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ന്യൂസിലൻഡ് ഉയർത്തിയ 301 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിരാട് കോഹ്ലിയുടെ മികവിൽ വിജയത്തിൽ എത്തുക ആയിരുന്നു. 49ആം ഓവറിലേക്ക് 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

ഇന്ത്യക്ക് ക്യാപ്റ്റൻ ഗില്ലും രോഹിത് ശർമ്മയും നല്ല തുടക്കമാണ് നൽകിയത്. രോഹിത് 29 പന്തിൽ 26 റൺസ് എടുത്തു. പിന്നീട് കോഹ്ലിക്ക് ഒപ്പം ചേർന്ന് ഗിൽ മികച്ച കൂട്ടുകെട്ട് പടുത്തു. ഗിൽ 71 പന്തിൽ 56 റൺസ് എടുത്തു. ഗിൽ പുറത്തായെങ്കിലും ശ്രേയസ് അയ്യർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.
കോഹ്ലി അനായാസമാണ് ഇന്ന് കളിച്ചത്. തന്റെ ഇന്നിംഗ്സിന് ഇടയിൽ 28000 അന്താരാഷ്ട്ര റൺസ് എന്ന നാഴികകല്ലും ഒപ്പം സംഗക്കരയെ മറികടന്ന് അന്താരാഷ്ട്ര റൺസിൽ രണ്ടാം സ്ഥാനത്തേക്കും കോഹ്ലി എത്തി. എന്നാൽ 91 പന്തിൽ 93 റൺസിൽ നിൽക്കെ ജാമിസൺ കോഹ്ലിയെ വീഴ്ത്തി. ഇതോടെ കളി മാറി. ജഡേജയും 49 റൺസ് എടുത്ത ശ്രേയസും കൂടെ പിന്നാലെ വീണു. ഇതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി.
കെ എൽ രാഹുലും ഹർഷിതും ആയിരുന്നു ക്രീസിൽ. അവസാന 30 പന്തിൽ 34 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഹർഷിത് രാഹുലിൽ നിന്ന് സമ്മർദ്ദം അകറ്റി. ഹർഷിത് 23 പന്തിൽ 29 റൺസ് എടുത്തു. അവസാന 3 ഓവറിൽ 18 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. വാഷിങ്ടൺ പരിക്കുമായി ബാറ്റ് ചെയ്യാൻ എത്തി. കളി 2 ഓവറിൽ 12 വേണം എന്ന നിലയിൽ ആയി. 49ആം ഓവറിൽ രാഹുൽ 2 ഫോർ നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 300/8 റൺസ് ആണ് എടുത്തത്. ന്യൂസിലൻഡിന് ഓപ്പണർമാരായ കോൺവേയും നിക്കൊളസും ചേർന്ന് നല്ല തുടക്കം നൽകി.

കോൺവേ 56 റൺസും ഹെൻറി നിക്കോൾസ് 62 റൺസും എടുത്തു. എന്നാൽ ഇരുവരെയും പുറത്താക്കൊ ഹർഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ നൽകി. പിന്നാലെ 12 റൺസ് എടുത്ത വിൽ യംഗിനെ സിറാജും പുറത്താക്കി.
ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ, ബ്രേസ്വെൽ എന്നിവർക്ക് വലിയ സ്കോർ നേടാൻ ആയില്ല. ശ്രേയസ് അയ്യറിന്റെ മികച്ച ഒരു ത്രോ ആണ് ബ്രേസ്വെലിന്റെ വിക്കറ്റ് നേടിക്കൊടുത്തത്. ഒരു ഭാഗത്ത് മിച്ചൽ ഉറച്ച് നിന്നത് ന്യൂസിലൻഡിന്റെ ഇന്നിംഗ്സിന് കരുത്തായി. മിച്ചൽ 71 പന്തിൽ 84 റൺസ് എടുത്തു.
അവസാനം ക്രിസ്റ്റ്യൻ ക്ലാർകിന്റെ 17 പന്തിൽ 24 റൺസ് ന്യൂസിലൻഡിനെ 300 എന്ന മാന്യമായ സ്കോറിലേക്ക് എത്തിച്ചു. ഇന്ത്യക്ക് ആയി സിറാജ്, ഹാർഷിത റാണ, പ്രസീദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.









