കൂടുതൽ റൺസ് എടുക്കുന്ന ടീം വിജയിക്കും എന്നതാണ് ക്രിക്കറ്റിലെ കണക്ക്. അങ്ങനെ നോക്കുമ്പോൾ ഇത് ആത്യന്തികമായി ഒരു ബാറ്ററുടെ കളിയാണ്. ഇത് പല പ്രസിദ്ധരായ കളിക്കാരും പണ്ട് മുതൽ സമ്മതിച്ച കാര്യമാണ്. ബാറ്റർ കൂടുതൽ റൺസ് എടുക്കുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്ന ഒരു ദ്വിതീയ സ്ഥാനം മാത്രമേ ബോളർക്ക് ഉള്ളൂ.
ക്രിക്കറ്റ് ഈസ് എ ജന്റിൽമാൻസ് ഗെയിം എന്ന് പറയുന്നതും പരിശോധിച്ച് നോക്കിയാൽ ബാറ്ററുടെ പ്രാധാന്യം ഒരിക്കൽ കൂടി മനസ്സിലാകും. എത്ര പിരിമുറുക്കം കൂടുതലായുള്ള കളിയായാലും ശരി, ക്രീസിൽ ഒരു ജന്റിൽമാൻ ആയി പെരുമാറി കളിക്കുന്നത് ബാറ്റർ മാത്രമാണ്. ബോളർ അതെ സമയം ബാറ്ററെ പ്രകോപിക്കാൻ എന്ത് വേണമെങ്കിലും വിളിച്ചു പറയും. അവരുടെ പെരുമാറ്റം പരിധി വിട്ടാൽ മാത്രമേ സാധാരണ നിലയിൽ ബാറ്റർ പ്രതികരിക്കാറുള്ളൂ. പലപ്പോഴും പ്രമുഖ കളിക്കാർ ഇതിനെല്ലാം മറുപടി തങ്ങളുടെ ബാറ്റ് കൊണ്ടാണ് മാന്യമായി നൽകാറ്. അപ്പോൾ ക്രിക്കറ്റിനെ നിര്‍വചിക്കുന്ന കാര്യത്തിലും ബാറ്റർക്ക് തന്നെയാണ് പ്രാമുഖ്യം!
ഇനി കളിയിലെ കാര്യത്തിലേക്കു വന്നാലും പല കാരണങ്ങൾ കൊണ്ടും ബാറ്റർക്ക് പല ആനുകൂല്യങ്ങളും ക്രിക്കറ്റ് നിയമ പുസ്തകം നൽകുന്നുണ്ട്. ഒരു ബാറ്റർ വിക്കറ്റിന് മുന്നിൽ വന്നു സ്റ്റാൻസ് എടുക്കുമ്പോൾ താൻ ഇടതു കൈയ്യനാണോ വലത് കൈയ്യാനാണോ എന്ന് ആരോടും പറയേണ്ട കാര്യമില്ല. എന്നാൽ ബോളറുടെ കാര്യം നോക്കൂ, താൻ ഏത് കൈ കൊണ്ടാണ് എറിയാൻ ഉദ്ദേശിക്കുന്നത്, വിക്കറ്റിന് ‘മുകളിലൂടെയാണോ’, അതോ അപ്പുറത്ത് കൂടിയാണോ എന്ന് അമ്പയറോട് പറയണം, അമ്പയർ അത് ഉറക്കെ വിളിച്ചു പറയണം എന്നൊക്കെയാണ് നിയമം.
ബോളർ പന്ത് എറിയുമ്പോൾ ക്രീസിനു വെളിയിൽ പൂർണ്ണമായും കാല് കുത്താൻ പാടില്ല, എറിയുമ്പോൾ കൈ നിവർന്നിരിക്കണം, എറിയുന്ന പന്ത് നിലത്ത് കുത്താതെയാണ് ചെല്ലുന്നതെങ്കിൽ ബാറ്ററുടെ അരക്കെട്ടിനു താഴെയാകണം, അതല്ല ബൗൺസർ ആണെങ്കിൽ ഓവറിൽ ഒരെണ്ണം മാത്രമേ അനുവദിക്കൂ, ന്യൂ ജൻ കളികളിൽ ലെഗ് സൈഡിൽ കൂടി എറിഞ്ഞാൽ വൈഡ് ആകും, വൈഡ് അല്ലെങ്കിൽ നോ ബോൾ ആണെങ്കിൽ ഒരു റണ്ണും പോകും ഒരു ബോൾ അധികം എറിയുകയും വേണം. ഇങ്ങനെ ബോൾ ചെയ്യുന്ന കളിക്കാരൻ ശ്രദ്ധിക്കേണ്ട ഒരുപിടി നിയമങ്ങളാണ് എഴുതി വച്ചിരിക്കുന്നത്, ഒക്കെയും ബാറ്റർക്ക് അനുകൂലമായത്. എന്നാൽ ബാറ്ററുടെ കാര്യം നോക്കൂ, ക്രീസിനു വെളിയിൽ വന്നു കളിക്കാം, ഇടങ്കയ്യനായാലും വലങ്കയ്യനായാലും തിരിഞ്ഞും മറിഞ്ഞും പന്തടിച്ചു പായിക്കാം, ബോൾ വിക്കറ്റിന് ഏത് വശത്ത് കൂടിയും അടിക്കാം, ഇനി ഒരു ബോൾ മിസ് ചെയ്താൽ അതിനു യാതൊരു കുഴപ്പവുമില്ല, എത്ര ഉയരത്തിൽ വേണമെങ്കിലും പന്ത് പായിക്കാം, കൈമടക്കാം, മടക്കാതിരിക്കാം. അങ്ങനെ നിയമങ്ങളും ബാറ്റർക്ക് അനുകൂലമാണ് എന്നത് വ്യക്തമാണ്.
കഴിഞ്ഞ ദിവസം ലണ്ടനിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒരു കളി വിവാദമായത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിച്ച വനിത ക്രിക്കറ്റ് മാച്ചിൻ്റെ വിധി നിർണ്ണയിച്ച ഒരു സംഭവമായിരുന്നു അത്. ഈ കളി കൂടി ജയിച്ചു, ഇന്ത്യ 3-0 എന്ന നിലയിൽ ഏകദിന പരമ്പര തൂത്തുവാരുകയും ചെയ്തു. ഇംഗ്ലണ്ടിന് വിജയിക്കാൻ 16 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത്, ഇന്ത്യയുടെ ബോളർ ദീപ്തി ശർമ്മ ഇംഗ്ലണ്ടിന്റെ നോൺ സ്‌ട്രൈക്കർ ചാർലോട്ടിനെ മങ്കാദിങ് എന്ന വിളിപ്പേരുള്ള റൺ ഔട്ടിലൂടെ പുറത്താക്കി. ബോൾ ചെയ്യാൻ ദീപ്തി ഓടി വന്നപ്പോൾ ചാർലോട്ട് ക്രീസ് വിട്ടു മുന്നോട്ട് പോയിരുന്നു. ദീപ്തി ഉടൻ ബോളിങ് ആക്ഷൻ മുഴുമിപ്പിക്കാതെ പന്ത് കൊണ്ട് ബെയിൽസ് തട്ടി തെറിപ്പിച്ചു ചാർലോട്ടിനെ പുറത്താക്കി. അവസാന വിക്കറ്റ് ആയതിനാൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.
ഇതിന് ശേഷം എപ്പളാ കോണുകളിൽ നിന്നും ദീപ്തിയെയും ഇന്ത്യൻ ടീമിനെയും കുറ്റപ്പെടുത്തി ആളുകൾ പ്രസ്താവനകൾ പുറപ്പെടുവിച്ചു തുടങ്ങി, പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ ഉള്ളവർ. അത്ഭുതത്തോടെ മാത്രമേ ഈ പ്രതിഷേധങ്ങളെ കാണാൻ കഴിയൂ. ദീപ്തി സ്പോർട്സ്മാൻ സ്പിരിറ്റ് കളഞ്ഞു കുളിച്ചു എന്നാണ് അവരുടെ പ്രധാന പരാതി.
നമുക്ക് ചില ചോദ്യങ്ങൾ ചോദിച്ചു നോക്കാം.
ദീപ്തി ചെയ്തത് നിയമവിരുദ്ധമായ കാര്യമാണോ?
അല്ല.
നോൺ സ്‌ട്രൈക്കർ ബോൾ ചെയ്യുന്നതിന് മുൻപ് ഓടി ക്രീസിൽ നിന്ന് ഇറങ്ങി നിൽക്കുന്നത് ശരിയാണോ?
അല്ല.
അങ്ങനെ ഇറങ്ങി നിന്ന് ആനുകൂല്യം നേടുന്നത് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്നതാണോ?
അല്ല.
ഇനി ഇതേ പോലെ ബാറ്റർ ഇറങ്ങി നിന്ന് സ്റ്റമ്പ് ചെയ്യപ്പെട്ടാൽ അത് സ്‌പോർട്മാൻ സ്പിരിറ്റിന് എതിരാണോ?
അല്ല.
മങ്കാദിങ് എന്ന ഈ കളിയെക്കുറിച്ചു ഐസിസി എന്താണ് പറയുന്നത്?
ഇത് വരെ അൺഫെയർ പ്രാക്ടീസ് എന്ന് വിളിച്ചിരുന്ന ഈ വിധത്തിൽ ഉള്ള ഔട്ടാക്കൽ ഇനി മുതൽ റൺ ഔട്ട് എന്നാകും അറിയപ്പെടുക.
അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്, നിയമങ്ങളുടെ ഇത്രയധികം പിന്തുണയോടെ കളിക്കുന്ന ബാറ്റേഴ്‌സ്, നിയമവിരുദ്ധമായി അഡ്വാന്റേജ് എടുക്കാൻ നോക്കുമ്പോൾ, നിയമപരമായി ഔട്ടാക്കുന്ന ബോളറെ കുറ്റം പറയാൻ ഒരാൾക്ക് പോലും അവകാശമില്ല എന്നതാണ്. ദീപ്തിയെ പള്ള് പറയുന്നവർക്ക് കുറച്ചെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടെങ്കിൽ മിണ്ടാതിരിക്കണം, പറ്റുമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തി ബാറ്റർമാർക്ക് കുറച്ചു കൂടി സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ നോക്കണം!