ക്യാപ്റ്റൻ രോഹിത് നയിച്ചു!! പാകിസ്താനെ നിഷ്പ്രഭമാക്കി ഇന്ത്യ!!

Newsroom

Picsart 23 10 14 19 43 43 943
Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്താനെതിരെ ഏകപക്ഷീയ വിജയം നേടി ഇന്ത്യ. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. പാകിസ്താൻ ഉയർത്തി 192 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്താൻ ആയി. മൂന്ന് മത്സരത്തിൽ മൂന്ന് വിജയിച്ച് ഇന്ത്യ പോയിന്റ് പട്ടികയിൽ മുകളിലേക്ക് എത്തി. ഇന്ത്യയും ന്യൂസിലൻഡും മാത്രമാണ് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയെ ഇന്ന് മുന്നിൽ നിന്ന് നയിച്ചത്‌.

ഇന്ത്യ 23 10 14 19 09 23 981

ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. ഗിൽ 11 പന്തിൽ നിന്ന് 16 റൺസ് എടുത്ത് ഷഹീൻ അഫ്രീദിയുടെ പന്തിൽ പുറത്തായി‌. പിന്നീട് കോഹ്ലിയും രോഹിതും ഒരുമിച്ചു. 9.5 ഓവറിൽ 79/1 എന്ന മികച്ച നിലയിൽ നിൽക്കെ കോഹ്ലിയുടെ വിക്കറ്റ് ഹസൻ അലി നേടി‌. 18 പന്തിൽ നിന്ന് 16 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്‌.

രോഹിത് ആക്രമിച്ചു കളിച്ചത് കൊണ്ട് തന്നെ ഇന്ത്യ സമ്മർദ്ദത്തിൽ ആയില്ല. 36 പന്തിൽ നിന്ന് രോഹിത് ശർമ്മ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഇന്ത്യ 14 ഓവറിലേക്ക് 100 റൺസിലും എത്തി‌. ശ്രേയസും രോഹിതും ചേർന്ന് അനായാസം ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു‌‌. രോഹിത് ശർമ്മ 63 പന്തിൽ നിന്ന് 86 റൺസ് എടുത്താണ് പുറത്തായത്. 6 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

രോഹിത് ഔട്ട് ആകുമ്പോൾ 28 ഓവറിൽ 36 റൺസ് മാത്രമേ ഇന്ത്യക്ക് വേണ്ടിയിരുന്നുള്ളൂ. ശ്രേയസ് അയ്യർ 62 പന്തിൽ നിന്ന് 53 റൺസുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു‌. രാഹുൽ 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യ 31ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കി. പാകിസ്താൻ ഇത് എട്ടാം തവണയാണ് ഇന്ത്യയോട് ഏകദിന ലോകകപ്പിൽ തോൽക്കുന്നത്‌. ഇതുവരെ അവർ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല.

Picsart 23 10 14 19 09 39 467

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 191 റൺസിൽ ഇന്ത്യ ഒതുക്കിയിരുന്നു. 42.4 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടയിൽ പാകിസ്താൻ ഓളൗട്ട് ആയി. ബൗളർമാർക്ക് അത്ര സഹായം കിട്ടാതിരുന്ന പിച്ച് ആയിട്ടും മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയി. 155/2 എന്ന നിലയിൽ നിന്നാണ് പാകിസ്താൻ 191 റൺസിന് ഓളൗട്ട് ആയത്.

Picsart 23 10 14 16 53 45 055

ഇന്ന് പതിയെ തുടങ്ങിയ പാകിസ്താന് ശഫീഖിന്റെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. 20 റൺ എടുത്ത ശഫീഖ് സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുക ആയിരുന്നു. പിന്നീട് ബാബറും ഇമാമുൽ ഹഖും ചേർന്നു. 38 പന്തിൽ 36 റൺസ് എടുത്ത ഇമാമിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ബാബർ ഈ ലോകകപ്പിലെ തന്റെ ആദ്യ അർധ സെഞ്ച്വറി നേടിയെങ്കിലും അതിനു പിന്നാലെ അദ്ദേഹത്തെ സിറാജ് ബൗൾഡ് ചെയ്ത് തന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി.

Picsart 23 10 14 16 50 24 529

58 പന്തിൽ നിന്ന് 50 റൺസ് നേടാൻ ബാബറിനായി. ബാബറിന്റെ വിക്കറ്റ് പോകുന്നതിന് മുമ്പ് പാകിസ്താൻ 155-2 എന്ന നല്ല നിലയിൽ ആയിരുന്നു. ബാബർ പോയതിനു പിന്നാലെ പാകിസ്താന്റെ വിക്കറ്റ് ഒന്നിനു പിറകെ ഒന്നായി വീണു. 171-7 എന്ന നിലയിലേക്ക് പാകിസ്താൻ വീഴുന്നത് കാണാൻ ആയി.

6 റൺസ് എടുത്ത സൗദ് ഷക്കീലിനെയും 4 റൺസ് എടുത്ത ഇഫ്തിഖാറിനെയും കുൽദീപ് പുറത്താക്കി. ബുമ്ര തിരികെയെത്തി റിസുവാന്റെയും കുറ്റിയും തെറിപ്പിച്ചു. റിസുവാൻ 69 പന്തിൽ നിന്ന് 49 റൺസ് എടുത്താണ് പുറത്തായത്‌. അടുത്ത ഓവറിൽ ശദബിന്റെ വിക്കറ്റും ബുമ്രയുടെ പന്തിൽ വീണു.

സ്കോർ 187ൽ ഇരിക്കെ 4 റണ എടുത്ത മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഹസൻ അലിയെ ജഡേജ പുറത്താക്കി‌. സ്കോർ 187-9. താമസിയാതെ ജഡേജ തന്റെ രണ്ടാം വിക്കറ്റ് കണ്ടെത്തിയതോടെ ഇന്ത്യൻ വിജയം പൂർത്തിയായി‌.

ഇന്ത്യക്ക് ആയി കുൽദീപ് 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ബമ്ര 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും, സിറാജ് 8 ഓവറിൽ 50 റൺസ് വഴങ്ങി 2 വിക്കറ്റും, ഹാർദിക് 6 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റും, ജഡേജ 9.5 ഓവറിൽ 38 റൺസിന് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.