നാഗ്പൂരിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ തകർന്നടിഞ്ഞു. രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഓസ്ട്രേലിയ 91 റൺസ് എടുക്കുന്നതിനിടയിൽ ഓൾ ഔട്ട് ആയി. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്ക് ആയി അശ്വിൻ അഞ്ചു വിക്കറ്റു വീഴ്ത്തി രണ്ടാം ഇന്നിങ്സിലെ താരമായി.
അശ്വിൻ ആയിരുന്നു ഇന്ന് ഓസ്ട്രേലിയയുടെ പേടി സ്വപ്നമായത്. ബൗൾ ചെയ്യാൻ എത്തിയ ആദ്യ ഓവറിൽ തന്നെ അശ്വിൻ ഉസ്മാൻ ഖ്വാജയെ മടക്കി അയച്ചു. 5 റൺസ് മാത്രമാണ് ഖ്വാജ എടുത്തത്. 10 റൺസ് എടുത്ത വാർണർ, 2 റൺസ് എടുത്ത റെൻഷാ, 6 റൺസ് എടുത്ത ഹാൻഡ്സ്കോമ്പ്, 10 റൺസ് എടുത്ത അലക്സ് കാരി എന്നിവർ എല്ലാം അശ്വിന്റെ മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഇന്ത്യ വിക്കറ്റിലേക്ക് തന്നെ പന്ത് എറിഞ്ഞത് ആണ് പലരും എൽ ബി ഡബ്ല്യു ആകാനുള്ള കാരണം.
ആദ്യ ഇന്നിങ്സിലെ ടോപ് സ്കോറർ ലബുഷെയിൻ ജഡേജയുടെ മുന്നിലും വിക്കറ്റിന് മുന്നിൽ കുരുങ്ങി. ലബുഷെയിൻ 17 റൺസ് ആണെടുത്തത്. പിന്നെ ഊഴം കമ്മിൻസിന്റെ ആയിരുന്നു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ജഡേജയുടെ പന്തിൽ ഭരതിന് ക്യാച്ച് നൽകിയും മടങ്ങി. ഒരു റൺ മാത്രമേ എടുത്തിരുന്നുള്ളൂ.
രണ്ട് റൺസ് എടുത്ത മർഫിയെ പുറത്താക്കി കൊണ്ട് അക്സർ പട്ടേൽ ഈ ടെസ്റ്റിലെ തന്റെ ആദ്യ വിക്കറ്റ് എടുത്തു. പിന്നാലെ ലിയോണിന്റെ വിക്കറ്റ് ഷമി തെറിപ്പിച്ചു. 88-9. സ്മിത്ത് അടുത്ത ഓവറിൽ ജഡേജയുടെ പന്തിൽ ഔട്ടായെങ്കിലും പന്ത് നോബോൾ ആയിരുന്നു. ശേഷം ഷമിയുടെ പന്തിൽ ബൗളണ്ട് ഔട്ട് ആയതോടെ ഓസ്ട്രേലിയൻ പോരാട്ടം അവസാാനിച്ചു.
മൂന്നാം ദിനം ആദ്യ സെഷനിൽ ഇന്ത്യ 400 റൺസ് എടുത്ത് പുറത്തായിരുന്നു. ഇന്ത്യ 223 റൺസിന്റെ ലീഡ് ആണ് നേടിയിരുന്നത്. ഇന്ന് തുടക്കത്തിൽ തന്നെ 70 റൺസ് എടുത്ത ജഡേജയെ ഇന്ത്യക്ക് നഷ്ടമായി. പക്ഷെ പിന്നാലെ വന്ന മൊഹമ്മദ് ഷമിക്ക് ഒപ്പം ചേർന്ന് അക്സർ പട്ടേൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. മൊഹമ്മദ് ഷമി വേഗത്തിൽ സ്കോർ ചെയ്ത് 37 റൺസ് എടുത്തു. 47 പന്തിൽ നിന്ന് 3 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷമിയുടെ ഇന്നിങ്സ്.
അക്സർ പട്ടേൽ 84 റൺസ് ആണ് എടുത്തത്. 174 പന്ത് എടുത്ത അക്സറിന്റെ ഇന്നിങ്സിൽ 10 ഫോറുകളും ഒരു സിക്സും ഉണ്ടായിരുന്നു. അവസാനം ബാറ്റ് ചെയ്യാൻ എത്തിയ സിറാജ് ഒരു റൺ എടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് ആയി അരങ്ങേറ്റക്കാരൻ ടോഡ് മർഫി 7 വിക്കറ്റ് എടുത്തു കൊണ്ട് തിളങ്ങി.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഓസ്ട്രേലിയയെ 177 റൺസിന് പുറത്താക്കിയിരുന്നു.