ഓസ്ട്രേലിയക്ക് എതിരെ തകർപ്പ് വിജയവുമായി ഇന്ത്യ. 209 പിന്തുടർന്ന ഇന്ത്യ 2 വിക്കറ്റ് വിജയമാണ് ഇന്ന് നേടിയത്. ക്യാപ്റ്റൻ ആയി ആദ്യ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാർ ആണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. 80 റൺസ് എടുത്ത് സൂര്യ ടോപ് സ്കോറർ ആയി. നാടകീയമായ അവസാന ഓവറിൽ അവസാന പന്തിൽ ആയിരുന്നു വിജയം. നാല് പന്തിൽ മൂന്ന് റൺസ് വേണ്ട സമയത്ത് ഇന്ത്യ മൂന്ന് വിക്കറ്റുകൾ ആണ് അവസാനം കളഞ്ഞത്. അവാന പന്തിൽ സിക്സ് അടിച്ചാണ് റിങ്കു വിജയം ഉറപ്പിച്ചത്.
209 റൺസ് ചെയ്സ് ചെയ്ത ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണർ റുതുരാജിനെ ആദ്യ ഓവറിൽ റണ്ണൗട്ടിൽ നഷ്ടമായെങ്കിലും ഇറങ്ങിയവർ എല്ലാം ആക്രമിച്ചു കളിച്ചു. യശസ്വു ജയ്സ്വാൾ 8 പന്തിൽ നിന്ന് 21 റൺസ് എടുത്ത് പുറത്തായി. അതിനു ശേഷം സൂര്യകുമാറും ഇഷൻ കിഷനും നല്ല കൂട്ടുകെട്ട് പടുത്തു.
ഇഷൻ കിഷൻ 39 പന്തിൽ നിന്ന് 58 റൺസ് എടുത്തു. അഞ്ചു സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഇഷന്റെ ഇന്നിങ്സ്. 10 റൺസ് എടുത്ത തിലക് വർമ ആക്രമിച്ചു കളിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ഔട്ട് ആയി.
ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ച സൂര്യകുമാർ 42 പന്തിൽ 80 റൺസ് അടിച്ചു. 4 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. അവസാനം റിങ്കു 14 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 208/3 റൺസ് ആണ് അടിച്ചു കൂട്ടിയത്. സെഞ്ച്വറി നേടിയ ജോഷ് ഇംഗിലിസ് ആണ് ഓസ്ട്രേലിയക്ക് കരുത്തായത്. അർധ സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്ക് ആയി തിളങ്ങി.
ഇന്ന് വെറും 47 പന്തിൽ നിന്നാണ് ജോഷ് ഇംഗിലിസ് സെഞ്ച്വറി നേടിയത്. താരം മൊത്തത്തിൽ 50 പന്തിൽ നിന്ന് 110 റൺസ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. സ്മിത്ത് 41 പന്തിൽ നിന്ന് 52 റൺസും എടുത്തു.
ഇന്ത്യൻ ബൗളർമാരിൽ ആർക്കും ഇന്ന് തിളങ്ങാൻ ആയില്ല. രവി ബിഷ്ണോയ് ഒരു വിക്കറ്റ് എടുത്തു, പക്ഷെ 54 റൺസ് വഴങ്ങി. പ്രസീദ് കൃഷ്ണ 50 റൺസും ഇന്ന് വഴങ്ങി.