ഓസ്ട്രേലിയക്ക് ഒപ്പം എത്താൻ ഇന്ത്യക്ക് ഇന്ന് ആയില്ല. നാലാം ടി20യിൽ ഏഴ് റൺസിന്റെ പരാജയം ഇന്ത്യ ഏറ്റുവാങ്ങി. 189 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 181-5 റൺസ് മാത്രമെ എടുത്തുള്ളൂ. റിച്ചാ ഘോഷിന്റെ തലർപ്പനടി ഇന്ത്യയെ ഓസ്ട്രേലിയക്ക് അടുത്ത് എത്തിച്ചു എങ്കിലും പരാജയം ഒഴിവായില്ല.
റിച്ച 19 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ 46 റൺസുമായി ഹർമൻപ്രീത് കോറും മികച്ച പ്രകടനം നടത്തി. ഈ വിജയത്തോടെ ഓസ്ട്രേലിയ 3-1ന് മുന്നിൽ എത്തി.
ഇന്ന് ആദ്യ ഇന്നിങ്സിൽ എലിസ് പെറിയുടെ വെടിക്കെട്ട് ബാറ്റിങിന്റെ പിൻബലത്തിൽ 188 റൺസ് എടുത്തു. 3 വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് ഇന്ന് നഷ്ടമായത്. പെറി 42 പന്തിൽ നിന്ന് 72 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
12 പന്തിൽ നിന്ന് 27 റൺസ് എടുത്ത ഗ്രേസ് ഹാരിസും പുറത്താകാതെ നിന്നു. 27 പന്തിൽ 42 റൺസ് എടുത്ത ഗാർസ്ഡനറും 30 റൺസ് എടുത്ത് നിൽക്കെ റിട്ടേഡ് ഹർട് ആയ ഹീലിയും ഓസ്ട്രേലിയൻ ടോട്ടൽ ഉയർത്തുന്നതിൽ പങ്കുവെച്ചു.
ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ 2 വിക്കറ്റും രാധ യാദവ് ഒരു വിക്കറ്റും വീഴ്ത്തി.