വിന്‍ഡീസിനോട് ഫോളോ ഓണ്‍ ആവശ്യപ്പെട്ട് ഇന്ത്യ, റോഷ്ടണ്‍ ചേസിനു അര്‍ദ്ധ ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ നേടിയ റണ്‍സുകള്‍ക്കും വിന്‍ഡീസിനെ ഫോളോ ഓണില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം 181 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. മത്സരത്തില്‍ 468 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനോട് വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. റോഷ്ടണ്‍ ചേസ് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കീമോ പോളിനു ഈ നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചില്ല.

94/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനു ക്രീസില്‍ കൂട്ടായിയുണ്ടായിരുന്നത് 74/6 എന്ന നിലയില്‍ ഒരുമിച്ചെത്തിയ റോഷ്ടണ്‍ ചേസും കീമോ പോളുമായിരുന്നു. 73 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. കുല്‍ദീപ് യാദവിനെ കടന്നാക്രമിച്ച സംഘം താരത്തിനെതിരെ യഥേഷ്ടം ഫോറും സിക്സും നേടുകയായിരുന്നു.

മുഹമ്മദ് ഷമിയ്ക്ക് പകരം ബൗളിംഗിനെത്തിയ ഉമേഷ് യാദവിന്റെ ഒരു ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച കീമോ പോളിന്റെ ഇന്നിംഗ്സ് ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തി അവസാനിക്കുകയായിരുന്നു. 47 റണ്‍സാണ് 49 പന്തില്‍ നിന്ന് കീമോ പോള്‍ നേടിയത്. അര്‍ഹമായ ശതകത്തിനു മൂന്ന് റണ്‍സ് അകലെ താരം പുറത്തായപ്പോള്‍ വിന്‍ഡീസ് തകര്‍ച്ചയും പൂര്‍ണ്ണമാവുകയായിരുന്നു.

ഏറെ വൈകാതെ 53 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കുകയായിരുന്നു. കുല്‍ദീപ് യാദവിനു പകരം ബൗളിംഗിനെത്തിയ ചേസ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. അതേ ഓവറില്‍ ഷെര്‍മന്‍ ലൂയിസിനെയും പുറത്താക്കി  അശ്വിന്‍ തന്റെ മൂന്നാമത്തെ വിക്കറ്റ് സ്വന്തമാക്കി. അവസാന വിക്കറ്റായി ഷാനണ്‍ ഗബ്രിയേലിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്.

17 റണ്‍സുമായി ദേവേന്ദ്ര ബിഷൂ പുറത്താകാതെ നിന്നു. അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.