വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. അശ്വിന്റെ സ്പിൻ ബലത്തിൽ ഇന്നിങ്സിനും 141 റൺസിനുമാണ് ഇന്ത്യ കളി വിജയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 130 റണ്ണിന് ഓളൗട്ട് ആയി. ആദ്യ ഇന്നിംഗ്സിൽ അവർ 150 റൺസിനും ഓളൗട്ട് ആയിരുന്നു.
ഇന്ത്യക്ക് വേണ്ടി അശ്വിൻ വീണ്ടും തിളങ്ങി. 7 വിക്കറ്റ് ആണ് അശ്വിൻ നേടിയത്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ച് വിക്കറ്റും നേടിയിരുന്നു. ഇന്ന് ജഡേജ രണ്ട് വിക്കറ്റും സിറാജ് ഒരു വിക്കറ്റും നേടി അശ്വിനെ പിന്തുണച്ചു. 28 റൺസ് എടുത്ത അലിക് അതനസെ ആണ് വെസ്റ്റിൻഡീസ് ടോപ് സ്കോറർ ആയത്.
നേരത്തെ രണ്ടാം സെഷനിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. 421-5 എന്ന സ്കോറിൽ എത്തിയപ്പോൾ ആണ് ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്. 271 റൺസ് ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് നേടി. 37 റൺസുമായി ജഡേജയും 1 റണ്ണുമായി ഇഷൻ കിഷനും ക്രീസിൽ നിൽക്കെ ആണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.
നേരത്തെ ആദ്യ സെഷനിൽ 171 റൺസ് എടുത്ത ജയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 76 റൺസ് എടുത്ത കോഹ്ലിയും നല്ല പ്രകടനം കാഴ്ചവെച്ചു. രഹാനെ 3 റൺ എടുത്തും പുറത്തായി. റോച്, അൽസരി ജോസഫ്, കോർണ്വാൾ, വരികൻ എന്നിവർ ഒരോ വിക്ക്റ്റ് വീതം നേടി. വെസ്റ്റിൻഡീസ് ആദ്യ ഇന്നിംഗ്സിൽ 150 റൺസ് മാത്രമായിരുന്നു എടുത്തത്.