ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ പ്രതീക്ഷയിൽ. 283 റൺസിന്റെ ലീഡ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യക്ക് ഇന്ന് സ്റ്റമ്പ്സിനു മുന്നെ ന്യൂസിലൻഡിന്റെ ഒരു വിക്കറ്റ് എടുക്കാൻ ആയി. 4-1 എന്ന സ്കോറിലാണ് ന്യൂസിലൻഡ് ഇപ്പോൾ രണ്ടാം ഇന്നിങ്സിൽ നിൽക്കുന്നത്. 2 റൺസ് എടുത്ത വിൽ. യങിനെ അശ്വിൻ ആണ് പുറത്താക്കിയത്.
അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ ശ്രേയസ് അയ്രും സാഹയും ആണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ മികച്ച നിലയിൽ എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 234 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.
നേരത്തെ ചായക്ക് പിരിയുന്നതിനു മുമ്പ് 65 റൺസ് എടുത്ത ശ്രേയസ് അയ്യർ പുറത്തായിരുന്നു. സാഹ 61 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായിരുന്നു. അതിനു ശേഷമാണ് ശ്രേയസ് അയ്യർ ഇന്ത്യയുടെ രക്ഷക്ക് എത്തിയത്. ആദ്യം അശ്വിനെ കൂട്ടുപിടിച്ച് 52 റൺസ് ചേർത്ത ശ്രേയസ് അയ്യർ തുടർന്ന് വൃദ്ധിമാൻ സാഹയുടെ കൂടെ 64 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. അശ്വിൻ 32 റൺസ് എടുത്ത് ആണ് പുറത്തായത്. ഇതിനു ശേഷം സാഹ ബാറ്റിംഗ് ചുമതല ഏറ്റെടുത്തു. സാഹക്ക് ഒപ്പം 28 റൺസുമായി അക്സറും പുറത്താകാതെ നിന്നു.
ന്യൂസിലാൻഡിനു വേണ്ടി ടിം സൗതിയും കെയ്ൽ ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.