ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിൽ. ഇനി ഇംഗ്ലണ്ടിന് വിജയിക്കാൻ 332 റൺസ് ആണ് വേണ്ടത്. ഇന്ത്യക്ക് 9 വിക്കറ്റും. 27 പന്തിൽ 28 റൺസ് എടുത്ത് അറ്റാക്ക് ചെയ്ത് കളിക്കുകയായിരുന്ന ഡക്കറ്റിന്റെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അശ്വിൻ ആണ് വിക്കറ്റ് വീഴ്ത്തിയത്.

29 റൺസ് എടുത്ത് സാക് ക്രോലിയും ഒപ്പൻ നൈറ്റ് വാച്ചമാനായി എത്തിയ രെഹാൻ അഹമ്മദും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 255ന് ഓളൗട്ട് ആയിരുന്നു. 398 റൺസിന്റെ ലീഡ് ഇന്ത്യ ആകെ നേടി. ശുഭ്മാൻ ഗിൽ ഫോമിൽ എത്തിയതാണ് ഇന്ത്യക്ക് ഇന്ന് രക്ഷയായത്. ഗിൽ 147 പന്തിൽ നിന്ന് 104 റൺസുമായി പുറത്തായി. 11 ഫോറും 2 സിക്സും ഗിൽ അടിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗിൽ ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടുന്നത്.

ഇന്ന് രാവിലെ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും ആൻഡേഴ്സൺ പുറത്താക്കിയി. ജയ്സ്വാൾ 17 റൺസ് എടുത്തും രോഹിത് 13 റൺസ് എടുത്തും ആൻഡേഴ്സണ് മുന്നിൽ കീഴടങ്ങി. ശ്രേയസ് 29 റൺസ് എടുത്ത് ഹാർട്ലിയുടെ പന്തിൽ പുറത്തായി. 9 റൺസ് എടുത്ത രജത് പടിദാറിനെ രെഹാൻ അഹമ്മദും പുറത്താക്കി.
അക്സർ പട്ടേൽ 84 പന്തിൽ നിന്ന് 45 റൺസുമായി നല്ല സംഭാവന നൽകി. വിക്കറ്റ് കീപ്പർ ഭരത് 6 റൺസുമായി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ടോം ഹാർട്ലി 4 വിക്കറ്റും രെഹാൻ അഹമ്മദ് 3 വിക്കറ്റും ആൻഡേഴ്സൺ 2 വിക്കറ്റും നേടി.














