ടി20 ലോകകപ്പ് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു, ഇന്ത്യ – പാക് സൂപ്പര്‍ പോരാട്ടം ദുബായിയിൽ ഒക്ടോബര്‍ 24ന്

Sports Correspondent

2021 ടി20 ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ ഐസിസി പുറത്ത് വിട്ടു. ഒക്ടോബര്‍ 17ന് ഒമാനില്‍ ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ആദ്യ ദിവസം ഒമാന്‍ പാപുവ ന്യു ഗിനിയെയും ബംഗ്ലാദേശ് സ്കോട്ട്‍ലാന്‍ഡിനെയും നേരിടും.

സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരം ഒക്ടോബര്‍ 24ന് ദുബായിയിൽ നടക്കും. ആദ്യ റൗണ്ടിൽ ശ്രീലങ്ക, അയര്‍ലണ്ട്, നെതര്‍ലാണ്ട്സ്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്കോട്ലാന്‍ഡ്, പാപുവ ന്യു ഗിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും കളിക്കുന്നുണ്ട്.

സൂപ്പര്‍ 12ൽ ഗ്രൂപ്പ് 1ൽ ഇംഗ്ലണ്ട് , ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം യോഗ്യത റൗണ്ടിലെ രണ്ട് ടീമുകളും ഗ്രൂപ്പ് 2ല്‍ യോഗ്യത റൗണ്ടിലെ രണ്ട് ടീമുകള്‍ക്കൊപ്പം ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരും ഉള്‍പ്പെടുന്നു.