അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുവാന്‍ പ്രായ പരിധി നിശ്ചയിച്ച് ഐസിസി. കുറഞ്ഞത് 15 വയസ്സെങ്കിലും ആയ താരങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ ഐസിസിയുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തിനെ പ്രതിനിധീകരിക്കുവാനാകുകയുള്ളു.
വനിത ക്രിക്കറ്റിലാണ് ഈ നിയമം താരങ്ങള്‍ക്ക് തിരിച്ചടിയാകുവാന്‍ പോകുന്നത്. 21 സജീവമായ വനിത താരങ്ങളാണ് 15 വയസ്സില്‍ താഴെ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ളത്. അടുത്തിടെ ഫ്രാന്‍സിന് എതിരെ അരങ്ങേറ്റം നടത്തിയ ജേര്‍സിയുടെ നിയ ഗ്രെഗിന് വെറും 11 വയസ്സും 40 ദിവസവുമാണുള്ളത്.
പുരുഷ വിഭാഗത്തില്‍ റൊമാനിയയുടെ മരിയന്‍ ഗെറാസിം ബള്‍ഗേറിയയ്ക്കെതിരെ അരങ്ങേറ്റം നടത്തുമ്പോള്‍ 14 വയസ്സും 16 ദിവസവുമായിരുന്നു. അടുത്ത സെപ്റ്റംബറില്‍ മാത്രമാണ് താരത്തിന് 15 വയസ്സാകുക. ഇതിനര്‍ത്ഥം താരത്തിനും ഇനി രാജ്യത്തെ പ്രതിനിധീകരിക്കുവാനാകില്ല എന്നാണ്.
എന്നാല്‍ രാജ്യങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേക ഇളവുകള്‍ക്ക് ഐസിസിയെ സമീപിക്കാമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.