ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർദ്ധനെ, മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്, മുൻ ഇംഗ്ലണ്ട് താരം ജാനെറ്റ് ബ്രിട്ടിൻ എന്നിവരെ ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി. ടി20 ലോകകപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെയാണ് ഇവരെ ഐ.സി.സി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ ഇതിഹാസ താരങ്ങളെയാണ് ഐ.സി.സി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തുന്നത്. 2009 മുതൽ ക്രിക്കറ്റ് ഇതിഹാസങ്ങളായ 106 പേരെ ഈ പട്ടികയിൽ ഐ.സി.സി ഉൾപെടുത്തിയിട്ടുണ്ട്.
1979 മുതൽ 1998 വരെ ഇംഗ്ലണ്ട് വനിതാ ടീമിന് വേണ്ടി കളിച്ച താരമാണ് ജാനെറ്റ് ബ്രിട്ടിൻ. ജാനെറ്റ് ബ്രിട്ടിൻ 2017ൽ മരണപ്പെടുകയും ചെയ്തിരുന്നു. 2014ൽ ശ്രീലങ്ക ഐ.സി.സി ടി20 ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ ഭാഗമായ താരമാണ് ജയവർദ്ധനെ. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഷോൺ പൊള്ളോക്ക്. ടെസ്റ്റിലും ഏകദിനത്തിലും 3000 റൺസും 300 വിക്കറ്റും നേടിയ ആദ്യ താരം കൂടിയാണ് പൊള്ളോക്ക്.