ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ന്യൂസിലാൻഡിന് പിഴ. മാച്ച് ഫീയുടെ 60 ശതമാനമാണ് ന്യൂസിലാൻഡിന് പിഴയായി വിധിച്ചിരിക്കുന്നത്. ന്യൂസിലാൻഡ് അനുവദിച്ചതിലും മൂന്ന് ഓവർ കുറച്ചാണ് നിശ്ചിത സമയത്ത് പൂർത്തിയാക്കിയതെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് കണ്ടെത്തുകയായിരുന്നു.
നിലവിലെ ഐ.സി.സി നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഒരു ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ മാച്ച് ഫീയുടെ 20 ശതമാനം താരങ്ങളിൽ നിന്നും സപ്പോർട്ടിങ് സ്റ്റാഫിൽ നിന്ന് ഈടാക്കും. ഇത് പ്രകാരമാണ് മൂന്ന് ഓവർ കുറച്ച് എറിഞ്ഞ ന്യൂസിലാൻഡിന് മാച്ച് ഫീയുടെ 60 ശതമാനം പിഴയിട്ടത്.
നേരത്തെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഇന്ത്യക്ക് സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഐ.സി.സി പിഴയിട്ടിരുന്നു. ന്യൂസിലാൻഡിനെതിരായ അവസാന രണ്ട് ടി20യിലും ആദ്യ ഏകദിനത്തിലും സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യക്ക് ഐ.സി.സി പിഴയിട്ടിരുന്നു.













