അന്താരാഷ്ട്ര ക്രിക്കറ്റ് എന്ന് മടങ്ങി വരുമെന്നത് ചിന്തിച്ച് എടുക്കേണ്ട തീരുമാനം – ഐസിസി സിഇഒ, മനു സാവ്നേ

Sports Correspondent

ഐസിസി ഇവന്റുകളും ഉഭയ കക്ഷി പരമ്പരകളും എന്ന് ആരംഭിക്കാനാകുമെന്നത് ചിന്തിച്ച് എടുക്കേണ്ട തീരുമാനം ആണെന്ന് ഐസിസി സിഇഒ മനു സാവ്‍നേ. ഇന്നലെ നടന്ന സിഇസി മീറ്റിംഗിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്ത് ശേഷം ഏറ്റവും മികച്ച തീരുമാനം ആവും ഐസിസി ഈ വിഷയത്തിലെടുക്കുക.

കൃത്യതയുള്ള, ഉത്തരവാദിത്വമുള്ള തീരുമാനങ്ങള്‍ ആവും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പുനരാരംഭത്തെക്കുറിച്ച് എടുക്കുക എന്നത് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതിന് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും സമ്മതിക്കുകയും ചെയ്തുവെന്ന് മനു പറഞ്ഞു. ഈ മത്സരങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുക എന്നതാണ് ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും മനു വ്യക്തമാക്കി.

അതിനാല്‍ തന്നെ ക്രിക്കറ്റിന്റെ നിലനില്പിനായുള്ള മികച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് ഇതെല്ലാം പരിഗണിക്കപ്പെടുമെന്നത് തീര്‍ച്ചയായും ഉറപ്പാക്കുമെന്നും ഐസിസി സിഇഒ വ്യക്തമാക്കി.