ഞാന്‍ എന്നും യൂണിവേഴ്സ് ബോസ് ആയി നിലനില്‍ക്കും, അതിനു മാറ്റം വരാന്‍ പോകുന്നില്ല

Sports Correspondent

ലോകകപ്പിനു ശേഷം തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയില്‍ താന്‍ എന്തിന് ഈ തീരുമാനം എടുത്തെന്ന കാര്യം വ്യക്തമാക്കുന്നു. താന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും യൂണിവേഴ്സ് ബോസ് താന്‍ അല്ലാതെ മറ്റാരുമല്ലെന്നും അതിനു ഒരു മാറ്റവും സംഭവിക്കില്ലെന്ന് പറഞ്ഞ 39 വയസ്സുകാരന്‍, ലോകകപ്പിനു ശേഷം ഏകദിനങ്ങളില്‍ തനിക്ക് പകരം യുവാക്കള്‍ വിന്‍ഡീസ് നിരയില്‍ എത്തണമെന്നുള്ളതിനാലാണ് വിരമിക്കല്‍ തീരുമാനത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന്.

ഇനിയങ്ങോട്ട് യുവനിര വരണം, അവര്‍ ആഘോഷിക്കട്ടെ ഞാന്‍ ഗാലറിയിലിരുന്ന് ഈ പ്രകടനങ്ങള്‍ വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഗെയില്‍ പറഞ്ഞു. താന്‍ ടി20 ഫ്രാഞ്ചൈസ് സര്‍ക്യൂട്ടിലും ഇംഗ്ലണ്ടിലെ പുതിയ പതിപ്പായ ദി ഹണ്ട്രഡിലും പങ്കെടുക്കാനാകുമെന്ന് വിശ്വസിക്കുന്നതായും ഗെയില്‍ പറഞ്ഞു.

ലോകകപ്പ് വിജയിച്ച് കരിയര്‍ അവസാനിക്കുന്നത് ഏറെ മധുരമേറുന്ന അനുഭവമാവും. ടീമിലെ യുവാക്കള്‍ തനിക്ക് വേണ്ടി അത് നേടി തരേണ്ടതുണ്ട്, അവരോടൊപ്പം എന്റെ ശ്രമങ്ങളും ഉണ്ടാകുമെന്ന് ഗെയില്‍ പറഞ്ഞവസാനിപ്പിച്ചു.