വിന്‍ഡീസിനെതിരെ 68 പന്തില്‍ നിന്ന് 71 റണ്‍സ് നേടി അഞ്ചാം നമ്പറില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ്സ് അയ്യര്‍ക്ക് ഇന്ത്യന്‍ മാനേജ്മെന്റ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ പുലര്‍ത്തി ഗൗതം ഗംഭീര്‍. നാലാം നമ്പറില്‍ ഒരു താരത്തിന് തന്നെ അധികം അവസരം നല്‍കാതെ പല താരങ്ങളെയും പരീക്ഷിച്ച് വരികയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഇത് വരെ 13 താരങ്ങളെ പരീക്ഷിച്ച ഇന്ത്യയ്ക്ക് ലോകകപ്പിലും നാലാം നമ്പര്‍ വലിയ തലവേദനയായി തീര്‍ന്നിരുന്നു.
ലോകകപ്പിന് ശേഷം ഈ സ്ഥാനത്തേക്ക് അയ്യര്‍, മനീഷ് പാണ്ടേ എന്നിവരെയാണ് വിന്‍ഡീസ് പരമ്പരയ്ക്കായി ടീം തിരഞ്ഞെടുത്തത്. നിലവില്‍ ഋഷഭ് പന്തിനെയാണ് നാലാം നമ്പറില്‍ പരീക്ഷിച്ചതെങ്കിലും തനിക്ക് ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിക്കുകയാണ് ശ്രേയസ്സ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഡ്രെസ്സിംഗ് റൂമില്‍ താന്‍ ശ്രേയസ്സിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടെന്നും താരത്തിന് കുറച്ച് അധികം അവസരങ്ങള്‍ നല്‍കുവാന്‍ ഇന്ത്യന്‍ ബോര്‍ഡ് തയ്യാറാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.