ഇന്ത്യയ്ക്കായി തന്റെ കന്നി ശതകം നേടി ടീമിനെ 416 റണ്‍സിലേക്ക് നയിച്ച ഹനുമ വിഹാരി തന്റെ പ്രകടനത്തില്‍ തന്റെ അച്ഛന്‍ അഭിമാനം കൊള്ളുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ 12ാം വയസ്സില്‍ അച്ഛന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അതിനാല്‍ തന്നെ ഈ ശതകം താന്‍ അദ്ദേഹത്തിനാണ് സമര്‍പ്പിക്കുന്നത്. തന്റെ ആദ്യ ശതകം നേടിയ പ്രകടനം തന്റെ പിതാവിനെ അഭിമാനം കൊള്ളിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം പറഞ്ഞു. ഇന്ന് വളരെ വികാര നിര്‍ഭരമായ ദിവസമാണ്, താന്‍ കരുതുന്നത് അദ്ദേഹവും ഇതില്‍ അഭിമാനം കൊള്ളുന്നുണ്ടാകുമെന്നാണ്.
ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് പുറത്ത് കളിച്ചിട്ടുള്ള താരത്തിന്റെ ശരാശരി 40ന് മേലെയാണ്. 403 റണ്‍സാണ് വിദേശ പിച്ചുകളില്‍ താരത്തിന്റെ നേട്ടം. കഴിഞ്ഞ മത്സരത്തിലും മികവാര്‍ന്ന പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ശതകം നേടുവാനായിരുന്നില്ല. താന്‍ ക്ഷമയോടെ കാത്തിരുന്നത് തനിക്ക് ഇത്തവണ ഗുണം ചെയ്തുവെന്നും താരം പറഞ്ഞു. തന്റെ എല്ലാ ടെസ്റ്റുകളും വിദേശത്തായിരുന്നുവെന്നതിനാല്‍ ഇത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു, പക്ഷേ താന്‍ ഇത്തരം വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
വെല്ലുവിളികളെ നേരിട്ട് ടീമിനായി മുന്തിയ പ്രകടനങ്ങള്‍ പുറത്തെടുക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും വിഹാരി പറഞ്ഞു. താന്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഹനുമ വിഹാരി വ്യക്തമാക്കി.