ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ഹീലി. മാര്‍ച്ച് 29നു ഇരു താരങ്ങളുടെയും വിലക്ക് മാറി കളിക്കാന്‍ തയ്യാറാണെന്നിരിക്കെ താരങ്ങളെ പരമ്പരയിലെ ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎലില്‍ കളിച്ച് തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതാണ് താരങ്ങള്‍ക്ക് നല്ലതെന്നും പാക്കിസ്ഥാന്‍ പരമ്പര ഗുണം ചെയ്യില്ലെന്നുമായിരുന്നു സെലക്ടര്‍മാരുടെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പ്രധാനികളുടെയും തീരുമാനം.
ഇരു താരങ്ങളും പരിക്കേറ്റ് പുറത്തായിരുന്നതിനാലും ഐപിഎലില്‍ ഫിറ്റ്നെസ്സ് തെളിയിക്കട്ടെ എന്ന നിലപാടായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ. എന്നാല്‍ ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച് കഴിവ് തെളിയിക്കുവാനുള്ള അവസരമാണ് ഈ തീരുമാനത്തോടെ ബോര്‍ഡ് താരങ്ങള്‍ക്ക് നിഷേധിച്ചതെന്നാണ് ഹീലിയുടെ അഭിപ്രായം.
താനായിരുന്നുവെങ്കില്‍ ഇരുവരെയും സ്ക്വാഡില്‍ ആദ്യം മുതല്‍ ഉള്‍പ്പെടുത്തി അവസാന രണ്ട് മത്സരങ്ങളിലും താരഹ്ങളെ കളിച്ചിക്കുമായിരുന്നുവെന്ന് ഇയാന്‍ ഹീലി പറഞ്ഞു. അതേ സമയം തന്റെ ഗ്രേഡ് സൈഡായ റാന്‍ഡ്വിക്-പീറ്റര്‍ഷാമിനു വേണ്ടി കഴിഞ്ഞ ദിവസം വാര്‍ണര്‍ 77 പന്തില്‍ 110 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.