ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ 108/4 എന്ന മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്.. മഴ കാരണം 12 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ഹാരി ടെക്ടര്‍ 33 പന്തിൽ 64 റൺസ് നേടിയപ്പോള്‍ വിക്കറ്റുകള്‍ വീഴുന്നതിനിടയിലും റൺ റേറ്റ് നിലനിര്‍ത്തുവാന്‍ അയര്‍ലണ്ടിന് സാധിച്ചു.
ടെക്ടറിന് കൂട്ടായി ലോര്‍കാന്‍ ടക്കറും റൺസ് കണ്ടെത്തിയപ്പോള്‍ 108 എന്ന മികച്ച സ്കോറാണ് അയര്‍ലണ്ട് നേടിയത്. നാലാം വിക്കറ്റിൽ 29 പന്തിൽ നിന്ന് 50 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 18 റൺസ് നേടിയ ടക്കറിനെ പുറത്താക്കി ചഹാല്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
ചഹാൽ തന്റെ മൂന്നോവറിൽ 11 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ ഹാരി ടെക്ടര്‍ 33 പന്തിൽ നിന്ന് പുറത്താകാതെ 64 റൺസ് നേടി. അഞ്ചാം വിക്കറ്റിൽ ജോര്‍ജ്ജ് ഡോക്രെല്ലിനെ കൂട്ടുപിടിച്ച് 20 പന്തിൽ ടെക്ടര്‍ 36 റൺസ് നേടിയപ്പോള്‍ അതിൽ 4 റൺസ് മാത്രമായിരുന്നു ജോര്‍ജ്ജിന്റെ സംഭാവന.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസായിരുന്നു അയര്‍ലണ്ട് നേടിയത്. അവിടെ നിന്ന് അടുത്ത എട്ടോവറിൽ 86 റൺസാണ് ടീം നേടിയത്.