ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ പോകുന്ന ഇന്ത്യൻ ടീമിൽ താൻ സ്ഥാനം അർഹിക്കുന്നില്ല എന്ന് ഹാർദ്ദിക് പാണ്ഡ്യ. ഫൈനൽ ഇംഗ്ലണ്ടിൽ ആയതു കൊണ്ട് തന്നെ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കളിക്കാൻ ഇന്ത്യക്കായി ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറുടെ ആവശ്യകതയെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്തിടെ സംസാരിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ എറ്റവും മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ താൻ ടെസ്റ്റ് ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നതിനു മാത്രം ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
2018 സെപ്തംബറിലാണ് ഹാർദിക് പാണ്ഡ്യ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്, അതിനു ശേഷം ആവർത്തിച്ചുള്ള നടുവേദന കാരണം അദ്ദേഹം ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയും വൈറ്റ് ബോളീൽ ശ്രദ്ധ കൊടുക്കുകയുമായിരുന്നു.
“ഞാൻ ധാർമ്മികമായി വളരെ ശക്തനായ വ്യക്തിയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസരം കിട്ടാൻ ഞാൻ 10% പോലും ഒന്നിം ചെയ്തിട്ടില്ല. ഞാൻ ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 1% ഭാഗം പോലും അല്ല. അതിനാൽ ഞാൻ അവിടെ വന്ന് ഒരാളുടെ സ്ഥാനം തട്ടിയെടുക്കുന്നത് ധാർമ്മികമായി ശരിയല്ല,” ഹാർദിക് പറഞ്ഞു.
“എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെങ്കിൽ, ഞാൻ അതിന്റെ പാതയിലൂടെ പോയി എന്റെ സ്ഥാനം നേടും. അതിനാൽ, ഞാൻ എന്റെ സ്ഥാനം നേടിയെന്ന് എനിക്ക് തോന്നുന്നത് വരെ ഡബ്ല്യുടിസി ഫൈനൽ അല്ലെങ്കിൽ ഭാവി ടെസ്റ്റ് സീരീസിൽ ഞാൻ ലഭ്യമാകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.