ഡി.വൈ പട്ടേൽ ട്രോഫിയിൽ രണ്ട് ദിവസത്തിനിടെ തുടർച്ചയായ രണ്ടാം വെടിക്കെട്ട് സെഞ്ചുറിയുമായി ഹർദിക് പാണ്ഡ്യ. മത്സരത്തിൽ 39 പന്തിൽ സെഞ്ചുറി നേടിയ പാണ്ഡ്യ 55 പന്തിൽ 158 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു. 20 സിക്സുകളും 6 ഫോറുകളും അടങ്ങിയതായിരുന്നു ഹർദിക് പാണ്ഡ്യായുടെ ഇന്നിംഗ്സ്. പാണ്ഡ്യായുടെ ഇന്നിംഗ്സ് ഒരു ഇന്ത്യൻ താരത്തിന്റെ ടി20യിലെ ഏറ്റവും വലിയ സ്കോർ കൂടിയാണ്.
ഡി.വൈ പട്ടേൽ ട്രോഫിയിൽ റിലയൻസ് 1 ടീമിന്റെ താരമാണ് ഹർദിക് പാണ്ട്യ. കഴിഞ്ഞ ദിവസവും ഹർദിക് പാണ്ഡ്യ 37 പന്തിൽ സെഞ്ചുറി അടിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ദീർഘ കാലത്തെ പരിക്കിന് ശേഷമാണ് ഹർദിക് പാണ്ഡ്യ ഡി.വൈ പട്ടേൽ ട്രോഫിയിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഹർദിക് പാണ്ഡ്യ സ്ഥാനം നേടുമെന്നാണ് കരുതപ്പെടുന്നത്.